ചാരായ വാറ്റ്: ആംബുലൻസ് ഉടമ പിടിയിൽ, കോട സൂക്ഷിച്ചത് മൊബൈൽ മോർച്ചറിയിൽ

Sunday 16 May 2021 12:41 AM IST
പിടിയിലായ അബ്ദുൾ റസാഖ്,​ സഹായി അനീസ്

അടൂർ: അംബുലൻസിന്റെയും മൊബൈൽ മോർച്ചറിയുടെയും മറവിൽ ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്നവർ അറസ്റ്റിൽ. കാരുണ്യ അംബുലൻസ് ഉടമയും ഡ്രൈവറുമായ കണ്ണങ്കോട് തൊണ്ടങ്ങാട് താഴേതിൽ അബ്ദുൾ റസാഖ് (33) , സഹായി തമിഴ്നാട് പുതുക്കോട്ട കോട്ടപട്ടണം സ്വദേശി അനീസ് (46) എന്നിവരാണ് പൊലീസ് റെയ്ഡിൽ പിടിയിലായത്. ഒപ്പമുണ്ടായിരുന്നു സോബി തമ്പി, അമീർ എന്നിവർ ഓടി രക്ഷപ്പെട്ടു. 5 ലിറ്റർ ചാരായവും 200 ലിറ്ററോളം കോടയും പിടിച്ചെടുത്തു. മൊബൈൽ മോർച്ചറിക്കുള്ളിലും വലിയ കന്നാസിലുമായിരുന്നു കോട സൂക്ഷിച്ചിരുന്നത്. വീടിനുള്ളിലായിരുന്നു വാറ്റ്. വീടിനോട് ചേർന്ന് ടാർപ്പ കൊണ്ട് നിർമ്മിച്ച ഷെഡിലായിരുന്നു മൊബൈൽ മോർച്ചറി . ഇത് ടാർപ്പയും തുണികളും ഇട്ട് മൂടിയിരുന്നു. കരിക്കട്ട, ബാറ്ററി തുടങ്ങിയവയും വാറ്റാൻ ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അടൂർ ജനറൽ ആശുപത്രിക്ക് മുന്നിൽ ആംബുലൻസ് സർവീസ് നടത്തുകയാണ് അബ്ദുൾ റസാഖ്. ഫൈവ് സ്റ്റാർ എന്ന പേരിലായിരുന്നു മൊബൈൽ മോർച്ചറി സർവീസ്. അടൂർ പൊലീസ് ഇൻസ്പെക്ടർ സുനുകുമാർ എസ്.ഐ. നിത്യസത്യൻ, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, പ്രവീൺ, ജയരാജ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. അബ്ദുൾ റസാഖ് ആംബുലൻസിന്റെ മറവിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന് പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു.