സംസ്ഥാന സർക്കാർ തീവ്രവാദികൾക്കൊപ്പം: കെ. സുരേന്ദ്രൻ

Sunday 16 May 2021 12:48 AM IST

തിരുവനന്തപുരം: ഇസ്രയേലിൽ തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ കൊച്ചി വിമാനത്താവളത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾ ആരും എത്താതിരുന്നത് തീവ്രവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. വിദേശത്ത് ആതുരസേവനത്തിനിടെ ഒരു മലയാളി പെൺകുട്ടി കൊല്ലപ്പെട്ടിട്ടും ഭരണപ്രതിപക്ഷ പാർട്ടി നേതാക്കൾ പ്രതികരിച്ചില്ല. സൗമ്യക്ക് അനുശോചനം അർപ്പിച്ച് ഇട്ട പോസ്റ്റ് മുഖ്യമന്ത്രിയും ഉമ്മൻചാണ്ടിയും പിൻവലിച്ചത് മതതീവ്രവാദികളെ സന്തോഷിപ്പിക്കാനായിരുന്നു. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ
കേന്ദ്ര സർക്കാർ ശക്തമായി ഇടപെട്ടു. മൃതദേഹം ഏറ്റുവാങ്ങാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഡൽഹി വിമാനത്താവളത്തിൽ എത്തുകയും ചെയ്തു. എന്നാൽ സംസ്ഥാന സർക്കാരിന്റെ പ്രവൃത്തി മലയാളികൾക്ക് അപമാനകരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.