'കടൽ കലിച്ചാലും ക്യാമ്പിലേക്കില്ലേയ്...'

Monday 17 May 2021 12:18 AM IST
മുസോടി കടപ്പുറം

കാസർകോട്: കടൽ കലിതുള്ളി വരുമ്പോഴും അധികൃതർ ഒരുക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകാതെ തീരദേശ വാസികൾ. കൊവിഡ് പിടിപെടുമെന്ന ആശങ്കയിലാണ് ക്യാമ്പുകളിലേക്കില്ലെന്ന് ഇവർ അധികൃതരോട് തുറന്നടിക്കുന്നത്.

റവന്യു അധികൃതരും ആരോഗ്യവകുപ്പ് അധികാരികളും പൊലീസും എത്ര നിർബന്ധിച്ചിട്ടും മുസോടി, കോയിപ്പാടി, ഷിറിയ, കളനാട്, ചെമ്പരിക്ക തുടങ്ങി കടലാക്രണം അതിശക്തമായ പ്രദേശത്തെ ജനങ്ങൾ ക്യാമ്പുകളിലേക്ക് പോകാൻ തയ്യാറായില്ല. കാസർകോട് താലൂക്കിലെ കടൽത്തീരത്തുനിന്ന് കുറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റാൻ തഹസിൽദാർ ടി. വിജയന്റെ നേതൃത്വത്തിൽ ശ്രമിച്ചപ്പോഴും ഇതേ അവസ്ഥയായിരുന്നു. 'കടൽക്ഷോഭവും കാറ്റും പുത്തരിയല്ല സാറെ, കടൽ എത്ര കയറിയാലും തങ്ങൾ ക്യാമ്പുകളിൽ പോയി കൊവിഡ് പിടിച്ചു ചാവാൻ ഇല്ലെന്നും ഞങ്ങൾ എല്ലാവരും ബന്ധുക്കളുടെ വീടുകളിൽ പൊയ്ക്കോളാം..' എന്നുമാണ് അവർ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

മാറിയത് ബന്ധുവീടുകളിലേക്ക് മാത്രം

തീരദേശവാസികളുടെ നിസ്സഹകരണം മൂലം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. ജില്ലയിൽ 113 കുടുംബങ്ങളിലായി 413 പേർ തീരത്തുനിന്നും മാറിത്താമസിച്ചെങ്കിലും ഇവരെല്ലാം ബന്ധുക്കളുടെ വീടുകളിലേക്കാണ് പോയത്. മഞ്ചേശ്വരം താലൂക്കിലെ ഷിറിയ കടപ്പുറത്ത് താമസിക്കുന്ന 23 കുടുംബങ്ങളിലെ 110 അംഗങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. കാസർകോട് താലൂക്കിലെ കസബ ബീച്ചിൽ താമസിക്കുന്ന നാല് കുടുംബങ്ങളും ബന്ധുവീടുകളിലേക്കാണ് പോയത്. ഹൊസ്ദുർഗ് താലൂക്കിലെ വലിയപറമ്പ് പഞ്ചായത്തിൽ താമസിക്കുന്ന113 കുടുംബങ്ങളിലെ 413 അംഗങ്ങളും ഇതേ മാതൃകയാണ് പിന്തുടർന്നത്.