ഇറക്കുമതിയിൽ തിളങ്ങി സ്വർണം

Monday 17 May 2021 3:16 AM IST

കൊച്ചി: കഴിഞ്ഞമാസം ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി 630 കോടി ഡോളറായി ഉയർന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. സമ്പൂർണ ദേശീയ ലോക്ക്ഡൗൺ നിലനിന്ന 2020 ഏപ്രിലിൽ ഇറക്കുമതി 2.83 കോടി ഡോളറിന്റേതായിരുന്നു. കൊവിഡിന്റെ ആദ്യതരംഗം ശമിക്കുകയും വിപണി മെല്ലെ കരകയറുകയും ചെയ്‌ത പശ്ചാത്തലത്തിൽ ലഭിച്ച ഡിമാൻഡിന്റെ പിൻബലത്തിലാണ് കഴിഞ്ഞമാസം ഇറക്കുമതി കൂടിയത്.

കൊവിഡ് രണ്ടാംതരംഗം മൂലം വിപണി ഇപ്പോൾ നിർജീവമാണ്. ഇത് വരുംമാസങ്ങളിൽ സ്വർണ ഇറക്കുമതിയെ ബാധിച്ചേക്കും. കഴിഞ്ഞമാസം വെള്ളി ഇറക്കുമതി 88.53 ശതമാനം ഇടിഞ്ഞ് 1.19 കോടി ഡോളറായി.

 ലോകത്ത് സ്വ‌ർണം ഇറക്കുമതിയിൽ ഒന്നാമതും ഉപഭോഗത്തിൽ രണ്ടാമതുമാണ് ഇന്ത്യ.

 പ്രതിവർഷം ശരാശരി 800-900 ടണ്ണാണ് ഇറക്കുമതി

 കഴിഞ്ഞ ബഡ്‌ജറ്റിൽ കേന്ദ്രം സ്വർണം ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു

 സ്വർണം ഇറക്കുമതി കൂടിയതിനാൽ കഴിഞ്ഞമാസം ഇന്ത്യയുടെ വ്യാപാരക്കമ്മി 676 കോടി ഡോളറിൽ നിന്നുയർന്ന് 1,510 കോടി ഡോളറിലെത്തി

 അക്ഷയതൃതീയയ്ക്ക് സാധാരണ ഇന്ത്യയിൽ 30-40 ടൺ സ്വർണം വിറ്റഴിയാറുണ്ട്. ഇക്കുറി വില്പന ഒരു ടണ്ണിൽ താഴെയാണ്.