മഴ വില്ലനായി, ഡ്രൈ ഡേ വെള്ളത്തിൽ

Monday 17 May 2021 12:02 AM IST

കോഴിക്കോട്: മഴക്കാല പൂർവ ശുചീകരണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച ഡ്രെെ ഡേ കനത്ത മഴയിൽ നനഞ്ഞു. ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം കൂടിയായ ഇന്നലെ മഴക്കാല ശുചീകരണം രാവിലെ തുടങ്ങിയെങ്കിലും ഇടവേളയില്ലാതെ പെയ്ത മഴ വില്ലനായതോടെ പാതിവഴിയിൽ നിലച്ചു. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ആളുകൾക്ക് പുറത്തിറങ്ങാൻ പ്രയാസമായി. കൊവിഡിനൊപ്പം പകർച്ചവ്യാധികൾ കൂടുന്ന സാഹചര്യത്തിലാണ് മഴക്കാല ശുചീകരണം വേഗത്തിൽ പൂർത്തിയാക്കാൻ സ‌ർക്കാർ തീരുമാനിച്ചത്.

എന്നാൽ ടൗക് തേ ചുഴലിക്കാറ്റിനെ തുടർന്ന് പെയ്തിറങ്ങിയ പെരുമഴ ശുചീകരണത്തിന് തടസമാവുകയായിരുന്നു. മേയ് 30 ആകുമ്പോഴേക്കും കാലവർഷം തുടങ്ങുമെന്ന അറിയിപ്പുള്ളതിനാൽ കാര്യമായ ശുചീകരണം ഇനി നടക്കാനിടയില്ല. ഏതാനും വാർഡുകളിൽ ഓടകളിലെ മണ്ണ് നീക്കിയതാണ് മഴക്കാല പൂർവ ശുചീകരണമായി പറയാനുള്ളത്. മഴ തുടങ്ങിയ ശേഷം നടക്കുന്ന പ്രവൃത്തികൾ ജലജന്യ രോഗങ്ങൾ വ്യാപിക്കുന്നതിന് ഇടയാക്കും. മലിനജലത്തിലൂടെ പകരുന്ന എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ തുടങ്ങിയവ വ്യാപകമാകാൻ സാധ്യത ഏറെയാണ്. പനി ബാധിച്ചവർ കൊവിഡിനെ ഭയന്ന് ശരിയായ ചികിത്സ സ്വീകരിക്കാതിരിക്കുകയോ സ്വയംചികിത്സ നടത്തുകയോ ചെയ്താൽ കാര്യങ്ങൾ സങ്കീർണമാകും. വെള്ളം നിറഞ്ഞ ഓടകൾ ശുചിയാക്കാൻ ഇറങ്ങുന്നവർ എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കുകയും ബൂട്ടുകളും കൈയുറകളും ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ശുചീകരണ തൊഴിലാളികളെ ലഭിക്കാതായതോടെ വാർഡ് കമ്മിറ്റികൾ നേരിട്ടാണ് ജോലി ചെയ്യുന്നത്. ലോക്ക് ഡൗണും ശുചീകരണത്തിന് തടസമായിട്ടുണ്ട്. ഓടകളിൽ മണ്ണും പാഴ്‌വസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ അമൃത് പദ്ധതിയുടെ ഭാഗമായുള്ള അഴുക്കുചാൽ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. പാളയം സാമൂതിരി ക്രോസ് റോഡ്, ഈസ്റ്റ് നടക്കാവ് ബെൻസ് ഒട്ടോമൊബൈൽസ്, നടഞ്ചേരി അയ്യങ്കാർ റോഡ്, കല്ലായി റോഡ് എന്നിവിടങ്ങളിലെല്ലാം പ്രവൃത്തി പാതിവഴിയിലാണ്.

Advertisement
Advertisement