തിരുവല്ലയിൽ വെള്ളപ്പൊക്കം: അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, മരംവീണ് വീട് തകർന്നു

Monday 17 May 2021 12:03 AM IST
നെടുമ്പ്രം പഞ്ചായത്തി​ൽ കൊവിഡ് ബാധിതരായവരുടെ വീടുകളിൽ വെള്ളം കയറിയപ്പോൾ പുളി​ക്കീഴ് ബ്ളോക്ക് പ്രസി​ഡന്റ് ചന്ദ്രലേഖ, വൈസ് പ്രസി​ഡന്റ് ബി​നി​ൽ കുമാർ എന്നി​വരുടെ നേതൃത്വത്തിൽ കൊവിഡ് സെന്ററിലേക്ക് മാറ്റുന്നു

തിരുവല്ല: കനത്തമഴയെ തുടർന്ന് തിരുവല്ല താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കം ജനങ്ങളെ ദുരിതത്തിലാക്കി. നാല് പഞ്ചായത്തുകളിലായി അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 27 കുടുംബങ്ങളിലെ 103 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നഗരസഭയിലെ തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്‌കൂളിൽ ആരംഭിച്ച ക്യാമ്പിൽ 17 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. നെടുമ്പ്രം പഞ്ചായത്തിലെ കല്ലുങ്കൽ എം.ടി.എൽ.പി. സ്‌കൂൾ, കടപ്ര വടക്കുംഭാഗം സെൻട്രൽ എൽ.പി.സ്‌കൂൾ, ഇരവിപേരൂർ പഞ്ചായത്തിലെ കാരുവള്ളി ഗവ.സ്‌കൂൾ, ചെങ്ങമൺ കമ്മ്യുണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയത്. മഴ തുടരുന്നതിനാൽ കൂടുതൽ ക്യാമ്പുകൾ തുടങ്ങാനുള്ള സാദ്ധ്യതയേറി. കൊവിഡിന്റെ വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ലക്ഷണങ്ങൾ ഉള്ളവരെ അതാത് സ്ഥലങ്ങളിലെ കൊവിഡ് പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് ഭക്ഷണം എത്തിക്കുക. കടപ്ര പഞ്ചായത്ത് രണ്ടാം വാർഡ് പി.ആർ.എഫ് കോളനിയിൽ താഴകശ്ശേരിൽ രുഗ്‌മിണി ഗോപിയുടെ വീടിന് മുകളിൽ ആഞ്ഞിലിമരം വീണു മേൽക്കൂരയ്ക്ക് ഭാഗീകനാശം സംഭവിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ കുറഞ്ഞെങ്കിലും മലവെള്ള പാച്ചിൽ തുടരുകയാണ്. ഇതുകാരണം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. പമ്പ, മണിമല നദികളിലെ ജലനിരപ്പ് ഉയരുന്നതിനാൽ കൂടുതൽ സ്ഥലങ്ങളിൽ വെള്ളപ്പൊക്കം ദുരിതം വിതയ്ക്കും. പടിഞ്ഞാറൻ മേഖലകളിലെ മിക്ക റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നത് യാത്രാദുരിതത്തിനും കാരണമായി.

Advertisement
Advertisement