കൊവിഡ് ബാധിതർക്ക് വായ്‌പാ പദ്ധതിയുമായി കെ.എസ്.എഫ്.ഇ

Monday 17 May 2021 12:00 AM IST

തൃശൂർ: കൊവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് സാമ്പത്തികാശ്വാസം പകരാനായി കെ.എസ്.എഫ്.ഇ പുതിയ സ്വർണപ്പണയ വായ്‌പാ പദ്ധതി പ്രഖ്യാപിച്ചു. 'സൗഖ്യ സ്വർണപ്പണയ വായ്‌പ" എന്ന പുതിയ പദ്ധതിപ്രകാരം 2021 മാർച്ച് ഒന്നിന് ശേഷം കൊവിഡ് മുക്തമായവർക്കും കുടുംബാംഗങ്ങൾക്കും ഒരുലക്ഷം രൂപവരെ വായ്‌പ ലഭിക്കും. അഞ്ചു ശതമാനമാണ് പലിശനിരക്ക്.

കൊവിഡിനെ അതിജീവിച്ച വ്യക്തിയുടെ പേര് ഉൾപ്പെടുന്ന റേഷൻ കാർഡിൽ പേരുള്ളവരും പ്രായപൂർത്തിയായവരെയുമാണ് കുടുംബാംഗങ്ങളായി കണക്കാക്കുക. ആറുമാസം കൊണ്ട് വായ്‌പ തിരിച്ചടച്ചാൽ മതിയാകും. കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളും വായ്‌പയ്ക്ക് അർഹരാണ്. കൊവിഡാനന്തര കാലത്തെ സാമ്പത്തിക ഞെരുക്കത്തിന് സമാശ്വാസം പകരുകയാണ് ഈ വായ്‌പാ പദ്ധതിയുടെ ലക്ഷ്യമെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്‌ടർ വി.പി. സുബ്രഹ്മണ്യം എന്നിവർ പറഞ്ഞു.