ക്ഷീര മേഖലയെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കണം

Monday 17 May 2021 12:00 AM IST

തിരുവനന്തപുരം: എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുമ്പോൾ ക്ഷീര മേഖലയെ (പാൽ സംഭരണം, വിപണനം) ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ മുഖ്യമന്ത്രിയോടും ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടു.

കേരളത്തിലെ 3500ൽ പരം വരുന്ന ക്ഷീര സഹകരണ സംഘങ്ങളിലെ എട്ടു ലക്ഷത്തോളം ക്ഷീര കർഷകരിൽ നിന്നും മിൽമ പ്രതിദിനം 16 ലക്ഷത്തിലധികം ലിറ്റർ പാൽ സംഭരിക്കുന്നുണ്ട്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ ക്ഷീര കർഷകരിൽ നിന്ന് പാൽ സംഭരിക്കുന്നതിന് സാധിക്കാതെ വരും. ഇത് ക്ഷീര കർഷകരെയും ദുരിതത്തിലാക്കും. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതു മൂലം വില്പനശാലകൾ തുറന്നു പ്രവർത്തിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ പാൽ വില്പനയിൽ സാരമായ കുറവു വന്നിട്ടുണ്ട്. അധികം സംഭരിക്കുന്ന പാൽ പൊടിയാക്കുന്നതിന് മേഖല യൂണിയനുകൾക്ക് വരുന്ന അധികം ചെലവ് സർക്കാർ വഹിക്കണമെന്നും മിൽമയിലെയും ക്ഷീര സംഘങ്ങളിലെയും മുഴുവൻ ജീവനക്കാർക്കും കൊവിഡ് വാക്സിനേഷനിൽ മുൻഗണന നൽകണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.

Advertisement
Advertisement