'അവൾ ഞങ്ങളുടെ മാലാഖ',​ സൗമ്യയ്ക്ക് ആദരവോടെ ഇസ്രയേലിന്റെ യാത്രഅയപ്പ്

Sunday 16 May 2021 10:51 PM IST

ചെറുതോണി: 'ഇസ്രയേൽ ജനതയ്ക്ക് അവളൊരു മാലാഖയായിരുന്നു. നിങ്ങൾക്ക് ഈ നഷ്ടം അവിശ്വസനീയമാണെന്നറിയാം. അവൾ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. ഈ കുടുംബത്തിനൊപ്പം ഞങ്ങളുണ്ടാകും." കൊല്ലപ്പെട്ട സൗമ്യയുടെ വീട്ടിലെത്തി മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ച ശേഷം ഇസ്രയേൽ കോൺസൽ ജനറൽ ജൊനാദൻ സഡ്ക കുടുംബത്തോടായി പറഞ്ഞു.

സൗമ്യയുടെ രണ്ട് മുറി വീടിനുള്ളിൽ കടന്ന് കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ അദ്ദേഹം പങ്കുചേർന്നു. സൗമ്യയുടെ ഏക മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാകയടങ്ങിയ ബാഡ്ജ് അദ്ദേഹം കൈമാറി. കുടുംബത്തെ ഇസ്രയേൽ ചേർത്തുപിടിക്കുമെന്ന സന്ദേശമായി ഇത് മാറി.

ചൊവ്വാഴ്ച ഭർത്താവ് സന്തോഷുമായി ഫോണിൽ സംസാരിക്കവെയാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം വീട്ടിൽ സൗമ്യ (32) റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സൗമ്യ കെയർടേക്കറായി ജോലി ചെയ്യുന്ന ഇസ്രയേലിലെ അഷ്‌കെലോൺ നഗരത്തിലെ വീടിനു മുകളിൽ റോക്കറ്റ് പതിക്കുകയായിരുന്നു. സൗമ്യയുടെ ഭൗതിക ശരീരം ശനിയാഴ്ച രാത്രി പത്തോടെയാണ് നെടുമ്പാശേരിയിൽ നിന്ന് കീരിത്തോട് ജംഗ്ഷനിലുള്ള വീട്ടിലെത്തിച്ചത്. ഇന്നലെ പൊതുദർശനത്തിന് വച്ച സൗമ്യയുടെ ഭൗതിക ശരീരം കാണാൻ കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും നിരവധി പേരാണെത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ജില്ലാ കളക്ടർ എച്ച്. ദിനേശൻ പുഷ്പചക്രം സമർപ്പിച്ചു. 11.15 നാണ് ഇസ്രായേൽ കോൺസൽ ജനറൽ ജൊനാദൻ സഡ്ക സൗമ്യയുടെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചത്. ഇടുക്കി രൂപത ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ, നിത്യസഹായ മാതാ പള്ളി വികാരി ഫാ. ടോം പാറയ്ക്കൽ എന്നിവരുടെ കാർമികത്വത്തിൽ വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പള്ളിയിലെത്തിച്ച മൃതദേഹം മൂന്നരയോടെ സംസ്‌കരിച്ചു. ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ കാർമികത്വത്തിലായിരുന്നു സംസ്‌കാരം ചടങ്ങുകൾ. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹികരാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.