മുല്ലപ്പള്ളിയുടെ പേരിൽ വ്യാജ പണപ്പിരിവ്

Monday 17 May 2021 1:30 AM IST

സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യക്തിഹത്യയ്ക്കും ശ്രമം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ഗ്രൂപ്പുകളുടെ നീക്കങ്ങൾക്കിടെ, വ്യക്തിഹത്യ നടത്തി അധിക്ഷേപിക്കാനും ശ്രമം.

തന്റെ പേരിൽ വ്യാജ ഇ-മെയിൽ വിലാസമുപയോഗിച്ച് വ്യാപകമായി പണം പിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ, മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അദ്ദേഹം പരാതി നൽകി. ഇതിന് പിന്നാലെയാണ്, മുല്ലപ്പള്ളി കൊവിഡും കരൾ രോഗവും ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് ഫേസ്ബുക്കിൽ നൗഷാദ് മാണിക്കോത്തെന്ന ഐ.ഡിയിലുള്ള ഒരാൾ പോസ്റ്റിട്ടത്. മുല്ലപ്പള്ളിക്ക് നേരേ നടക്കുന്ന ഹീനമായ ആക്രമണത്തിന്റെ ഭാഗമാണിതെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ വിലയിരുത്തുന്നത്.

തന്റെ പേരിൽ വ്യാജ പണപ്പിരിവ് നടത്തുന്ന കാര്യം സഹപ്രവർത്തകരാണ് ശ്രദ്ധയിൽപ്പെടുത്തിയതെന്ന് മുല്ലപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയിൽ വീഴാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം. തന്റെ പേരിൽ ഇത്തരം തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

മുല്ലപ്പള്ളി പൂർണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണെന്നും സഹായി മനോജ് വ്യക്തമാക്കി. "ഒരാളോട് വെറുപ്പുണ്ടെങ്കിലും ശത്രുവായാൽപ്പോലും ഇത്തരം വാർത്തകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യരുത്. ഇതൊരു തരം മാനസിക വിഭ്രാന്തിയാണ്. നിങ്ങളെക്കുറിച്ചോ നിങ്ങളുടെ വീട്ടുകാരെക്കുറിച്ചോ ഇത്തരം വാർത്ത വന്നാൽ നിങ്ങളുടെ അവസ്ഥ ആലോചിക്കുക. നല്ല ഭാഷയിൽ ആരോഗ്യകരമായ വിമർശനം നടത്തുക. അതാണ് മാന്യത. രാഷ്ട്രീയമായ എതിർപ്പുകളുണ്ടാവാം. ഒരാളെ അസുഖ ബാധിതനാക്കിക്കൊണ്ടു വേണ്ട എതിർപ്പിന്റെ രാഷ്ട്രീയം"- മനോജ് പറഞ്ഞു.

Advertisement
Advertisement