കൊല്ലത്തിന് മൂന്നു മന്ത്രിമാർ?

Monday 17 May 2021 2:03 AM IST

കൊല്ലം: ഇടതു സർക്കാരിൽ ഇക്കുറി ജില്ലയിൽ നിന്ന് മൂന്നു മന്ത്രിമാർ ഉണ്ടായേക്കുമെന്ന് സൂചന.

കൊട്ടാരക്കര എം.എൽ.എ കെ.എൻ. ബാലഗോപാൽ, പുനലൂർ എം.എൽ.എ പി.എസ്. സുപാൽ അല്ലെങ്കിൽ ചടയമംഗലം എം.എൽ.എ ജെ. ചിഞ്ചുറാണി, പത്തനാപുരം എം.എൽ.എ കെ.ബി. ഗണേശ് കുമാർ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ.എൻ. ബാലഗോപാലിന് മന്ത്രിസ്ഥാനം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നതിന്റെ ഭരണപരിചയം മുതൽക്കൂട്ടാണ്. സി.പി.ഐക്ക് ജില്ലയിൽ മന്ത്രി ആരാകുമെന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.

ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ അസി. സെക്രട്ടറിയുമായ പി.എസ്. സുപാൽ, സി.പി.ഐ സംസ്ഥാന എക്‌സി. കമ്മിറ്റി അംഗം ജെ. ചിഞ്ചുറാണി എന്നിവരുടെ പേരുകളാണുയരുന്നത്. ഭരണപരിചയമുള്ളവരും പാർട്ടി ഘടകങ്ങളുമായി നല്ല ബന്ധം പുലർത്തുന്നവരുമാണ് ഇരുവരും.

വനിതാ പ്രാതിനിദ്ധ്യമാണ് സി.പി.ഐ പരിഗണിക്കുന്നതെങ്കിൽ ചിഞ്ചുറാണിക്ക് നറുക്കു വീണേക്കാം. ചെറുപ്പക്കാർക്ക് പ്രാതിനിദ്ധ്യം നൽകാനാണ് ആലോചനയെങ്കിൽ സുപാലിനാകും മുൻഗണന. വൈക്കത്തു നിന്ന് രണ്ടാംതവണ വിജയിച്ച സി.പി.ഐ ജില്ലാ കൗൺസിൽ അംഗം സി.കെ. ആശയെയും വനിതാ പ്രാതിനിദ്ധ്യത്തിന് സി.പി.ഐ പരിഗണിക്കുന്നതായാണ് സൂചന.


ഒരു എം.എൽ.എ മാത്രമുള്ള പാർട്ടികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാൻ ധാരണയായിട്ടുണ്ട്. അതനുസരിച്ച് കേരളാ കോൺഗ്രസ് (ബി) ചെയർമാനും പത്തനാപുരം എം.എൽ.എയുമായ കെ.ബി. ഗണേശ് കുമാർ മന്ത്രിയായേക്കും. ഉമ്മൻചാണ്ടി സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്ന ഗണേശ് കുമാറിന് ഭരണ പരിചയവുമുണ്ട്.

Advertisement
Advertisement