നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നു; അതിർത്തികളിൽ കർശന പരിശോധന

Monday 17 May 2021 7:45 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ അതിർത്തികൾ അടച്ചു. പാസുള്ളവർക്ക് മാത്രമാണ് പ്രവേശനം.

അതിർത്തികളിൽ പൊലീസ് കർശന പരിശോധനയാണ് നടത്തുന്നത്. കൂടാതെ നാല് ജില്ലകളിലെയും നഗര, ഗ്രാമീണ റോഡുകളും ഭാഗികമായി അടച്ചുപൂട്ടി. എറണാകുളത്ത് ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഇന്ന് ഉണ്ടാകില്ല.തിരുവനന്തപുരത്തും മലപ്പുറത്തും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ തുറക്കാം.

മലപ്പുറത്ത് കുടുംബത്തിലെ ഒരാൾക്ക് മാത്രമേ വീടിന് പുറത്തിറങ്ങാൻ അനുമതിയുള്ലൂ. പുറത്തിറങ്ങുന്നവര്‍ റേഷന്‍കാര്‍ഡ് കൈയിൽ കരുതണം. തൃശൂരില്‍ പഴം, പച്ചക്കറി കടകള്‍ തുറക്കും. ബേക്കറിയോ, പലചരക്ക് കടകളോ, മത്സ്യ- മാംസ കടകളോ ഇന്ന് ഉണ്ടാകില്ല.

പാൽ, പത്രം, മത്സ്യം എന്നിവ വിതരണം ചെയ്യാൻ രാവിലെ എട്ടു വരെ സമയം അനുവദിച്ചു. നേരത്തെ ഇത് രാവിലെ ആറു വരെയായിരുന്നു. ബാങ്കുകൾക്ക് തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. ഹോട്ടലുകളില്‍ നിന്ന് ഹോംഡെലിവറിയായി മാത്രം ഭക്ഷണം വാങ്ങാം.

Advertisement
Advertisement