ആ ഘട്ടം എത്തുമ്പോഴേക്കും സമയം തീരും, രണ്ടര വർഷത്തേക്ക് മാത്രമായി മന്ത്രിസ്ഥാനം സ്വീകരിക്കണമോ എന്ന സംശയത്തിൽ ഗണേശും പാർട്ടിയും

Monday 17 May 2021 10:17 AM IST

തിരുവനന്തപുരം: ഇടതുമുന്നണിയിൽ ഒരംഗം വീതമുള്ള നാല് ഘടകകക്ഷികൾക്ക് രണ്ടര വർഷം വീതം രണ്ടു മന്ത്രിസ്ഥാനങ്ങൾ പങ്കുവയ്ക്കാൻ ഉഭയകക്ഷി ചർച്ചകളിൽ സി.പി.എം നിർദ്ദേശം. ഇതനുസരിച്ച് കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ്, ഐ.എൻ.എൽ, ജനാധിപത്യ കേരള കോൺഗ്രസ് എന്നിവർക്ക് മന്ത്രിസ്ഥാനം ലഭിക്കും. ലോക് താന്ത്രിക് ജനതാദളിന് മന്ത്രിസ്ഥാനമില്ല. ഇന്നു രാവിലെ ചേരുന്ന ഇടതുമുന്നണി യോഗത്തോടെ മന്ത്രിസഭാ ഘടനയ്ക്ക് അന്തിമചിത്രമാകും. സി.പി.ഐ കൈയൊഴിയുന്ന ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നൽകിയേക്കാം.

മന്ത്രിസ്ഥാനം ലഭിച്ച ഘടകകക്ഷികളിൽ നിന്ന് രാമചന്ദ്രൻ കടന്നപ്പള്ളി (കോൺ. എസ്), അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ), ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ മന്ത്രിമാരാകും. കെ.ബി. ഗണേശ് കുമാർ (കേരള കോൺ. ബി) മന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നതെങ്കിലും, രണ്ടര വർഷത്തേക്കായി മന്ത്രിസ്ഥാനം സ്വീകരിക്കണോ എന്നതിൽ പാർട്ടിയിൽ ആശയക്കുഴപ്പമുണ്ട്. വകുപ്പിനെക്കുറിച്ച് പഠിച്ചുവരുമ്പോഴേക്ക് സമയം തീരുമെന്നാണ് ഗണേശിന്റെ നിലപാട്. അന്തിമനിലപാട് ഇന്നത്തെ മുന്നണി യോഗത്തിൽ അറിയിക്കും.

രണ്ട് അംഗങ്ങളുള്ള ജനതാദൾ എസുമായി എൽ.ജെ.ഡി ലയിക്കണമെന്ന നിർദ്ദേശമാണ് നേരത്തേ മുതൽ സി.പി.എം മുന്നോട്ടുവച്ചിരുന്നത്. ഇന്നലെ ഉഭയകക്ഷി ചർച്ചയിൽ രണ്ട് സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾക്കുമായി ഒരു വകുപ്പ് നൽകാനേ നിവൃത്തിയുള്ളൂവെന്ന് എൽ.ജെ.ഡി നേതാക്കളെ സി.പി.എം നേതൃത്വം അറിയിച്ചു. അതേസമയം, മന്ത്രിസ്ഥാനമില്ലെങ്കിൽ ബോർഡ്, കോർപ്പറേഷൻ പദവികളടക്കം സ്വീകരിക്കരുതെന്നാണ് എൽ.ജെ.ഡിയിലെ വികാരം. എന്നാൽ മുന്നണി വിടില്ല.

രണ്ടു കൂട്ടർക്കുമായി മൂന്ന് അംഗങ്ങളുള്ളതിനാൽ ഒരു മന്ത്രിസ്ഥാനമെന്നാണ് ജെ.ഡി.എസിനോടും വ്യക്തമാക്കിയത്. ലയനകാര്യം സി.പി.എം വീണ്ടും സൂചിപ്പിച്ചപ്പോൾ, തങ്ങൾ മുൻകൈയെടുത്തിട്ടും അവരാണ് വഴങ്ങാതിരുന്നത് എന്ന് ജെ.ഡി.എസ് നേതാക്കൾ പ്രതികരിച്ചു. രണ്ട് അംഗങ്ങളുള്ള അവർക്ക് ഒരു മന്ത്രിയെന്നതാണ് തത്വത്തിലുള്ള ധാരണ. വിട്ടുകൊടുക്കാനില്ല.

നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും സി.പി.ഐക്കും, 12 മന്ത്രിമാരും സ്പീക്കറും സി.പി.എമ്മിനും എന്ന ധാരണ അന്തിമമാക്കി. കേരള കോൺഗ്രസ് എം നേതാക്കൾ രണ്ടു മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ആവർത്തിച്ചെങ്കിലും ഒന്നേയുള്ളൂവെന്ന് സി.പി.എം ആവർത്തിച്ച് വ്യക്തമാക്കി. ചീഫ് വിപ്പ് പദവിയെപ്പറ്റി ഔപചാരിക ചർച്ചയുണ്ടായില്ല.

കൃഷി, പൊതുമരാമത്ത്, ഭവനനിർമ്മാണം, റവന്യു വകുപ്പുകളിലൊന്ന് കേരള കോൺഗ്രസ് എം ആഗ്രഹിക്കുന്നുണ്ട്. കൃഷിയും ഭവനനിർമ്മാണവും റവന്യുവും ഇപ്പോൾ സി.പി.ഐയുടെ കൈയിലാണ്. അവർ വിട്ടുകൊടുക്കാനിടയില്ല. എന്നാൽ, വകുപ്പുവിഭജന വിഷയം ഉഭയകക്ഷി ചർച്ചകളിൽ പരാമർശിക്കപ്പെട്ടില്ല. അക്കാര്യം മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണെന്നാണ് വിശദീകരണം.

വീതംവയ്പ് എങ്ങനെ?

നാല് ഘടകകക്ഷികൾക്കിടയിലെ വീതംവയ്പിൽ ആദ്യ ടേം ആർക്കെന്നും, ഏതൊക്കെ കക്ഷികൾ തമ്മിലാണ് വീതം വയ്‌ക്കേണ്ടതെന്നും ഇടതു മുന്നണിയിൽ തീരുമാനിക്കും

റോഷി അഗസ്റ്റിൻ മന്ത്രിയാകും

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ മന്ത്രി ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ തന്നെ.

തലസ്ഥാനത്ത് ഇന്നലെ അടിയന്തരമായി വിളിച്ചുചേർത്ത പാർട്ടി പാർലമെന്ററി പാർട്ടി യോഗം റോഷി അഗസ്റ്റിനെ കക്ഷിനേതാവായി തിരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി തിരഞ്ഞെടുക്കപ്പെട്ട ഡോ.എൻ. ജയരാജ്, ഗവ.ചീഫ് വിപ്പ് സ്ഥാനം ലഭിച്ചാൽ ആ സ്ഥാനത്തേക്ക് നിയമിതനാകും. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.