കുഴൽപ്പണക്കവർച്ച: തൃശൂരിലെ രണ്ടു നേതാക്കളെ ചോദ്യം ചെയ്യും

Monday 17 May 2021 8:08 PM IST

തൃശൂർ: വാഹനാപകടമുണ്ടാക്കി കുഴൽപ്പണം കവർന്ന കേസിൽ തൃശൂരിലെ രണ്ട് രാഷ്ട്രീയ നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ദേശീയ പാർട്ടിയുടെ ജില്ല ഭാരവാഹികളാണിവർ. പണം നഷ്ടപ്പെട്ടതായി പരാതിനൽകിയ കാർ ഡ്രൈവർക്ക് തൃശൂരിൽ ലോഡ്ജ് എടുത്തുകൊടുത്തയാളാണ് ഒരാൾ. കവർച്ച നടന്നയുടൻ കൊടകരയിലെത്തിയ ആളാണ് രണ്ടാമത്തേത്.

പ്രത്യേക അന്വേഷണസംഘത്തിന്റെ നിർണായക യോഗം ഇന്ന് ഓൺലൈനിൽ ചേരും. ചോദ്യം ചെയ്യൽ അടക്കമുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശകലനം യോഗത്തിലുണ്ടാകും. അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയ മുഖ്യപ്രതികളായ രഞ്ജിത്തിനെയും എഡ്വിനെയും ചോദ്യംചെയ്യുന്നത് ഇന്നും തുടരും. കഴിഞ്ഞ ദിവസം കേസിലെ മുഖ്യ ആസൂത്രകരായ മുഹമ്മദ് അലി, സുജേഷ് ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും രഞ്ജിത്ത്, എഡ്വിൻ എന്നിവരിൽ നിന്നും നിർണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ജില്ലാ നേതാക്കളുടെ പങ്കിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇതിൽ പ്രധാനം. പണം തട്ടിയെടുത്തതിൽ ജില്ലാതലത്തിലുള്ള നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ആദ്യമേ സൂചന ലഭിച്ചിരുന്നു.

എട്ട് ലക്ഷം കോഴിക്കൂട്ടിൽ


റിമാൻഡിൽ കഴിയുന്ന ഷുക്കൂറിന്റെ വെള്ളാങ്കല്ലൂരിലെ വീട്ടിലെ കോഴിക്കൂട്ടിൽ ഒളിപ്പിച്ച നിലയിൽ എട്ടു ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഷുക്കൂറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പണം കണ്ടെത്താനായത്. ഇതുവരെ 87 ലക്ഷം രൂപയോളം കണ്ടെടുത്തു. 3.5 കോടിയിലേറെ രൂപ കാറിൽ ഉണ്ടായിരുന്നതായും തിരഞ്ഞെടുപ്പു പ്രചാരണഘട്ടത്തിൽ ചെലവഴിക്കാൻ കൊണ്ടുവന്നതാണെന്നും ആരോപണമുയർന്നിരുന്നു.

Advertisement
Advertisement