കെ. കൃഷ്ണൻകുട്ടി: നല്ല കർഷകൻ,​ പിടിവാശിയില്ലാത്ത നേതാവ്

Monday 17 May 2021 10:05 PM IST

തിരുവനന്തപുരം: സ്ഥാനമാനങ്ങൾക്കുവേണ്ടി പിടിവാശിയില്ല, എത്തുന്ന സ്ഥാനത്ത് ആത്മാർത്ഥമായി പ്രവർത്തിച്ച് ശോഭിക്കും. നിയമസഭയിലെ സാത്വിക മുഖമായ കെ.കൃഷ്ണൻകുട്ടി (77) ഭരണ-പ്രതിപക്ഷ ഭേദമെന്യേ ഏവർക്കും പ്രിയങ്കരനാണ്. ഇപ്പോഴത്തെ മന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ച വന്നപ്പോൾ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ദേവഗൗഡ നിർദ്ദേശിച്ചതും കെ.കൃഷ്ണൻകുട്ടിയുടെ പേര്.

നിയമസഭയിൽ അഞ്ചാം ഊഴമാണ്. 1980 ലായിരുന്നു ആദ്യ വിജയം. രണ്ടു വർഷമേ ആ സഭയ്ക്ക് കാലാവധി ഉണ്ടായിരുന്നുള്ളൂ. 1982-ൽ ചിറ്റൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭയിലെത്തി. 1991, 2016 നിയമസഭകളിലും ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് പാർട്ടി ധാരണ പ്രകാരം മന്ത്രി മാത്യു ടി.തോമസ് രാജിവച്ചതോടെയാണ് കൃഷ്ണൻകുട്ടി മന്ത്രിപദത്തിലെത്തുന്നത്. ജലവിഭവ വകുപ്പിന്റെ ചുമതലയായിരുന്നു.

പാലക്കാട് ജില്ലയിലെ അറിയപ്പെടുന്ന കർഷകൻ കൂടിയായ കൃഷ്ണൻകുട്ടി ജനതാദൾ (എസ്) സംസ്ഥാന അദ്ധ്യക്ഷ പദവി ഒഴിഞ്ഞാണ് മന്ത്രിയായത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടത്താറുള്ള വിജ്ഞാനപ്രദമായ പ്രസംഗങ്ങൾ ഏവരും കൗതുകത്തോടെയാണ് കേട്ടിരുന്നിട്ടുള്ളത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. പിന്നീട് ജനതാപാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പെരുമാട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, പാലക്കാട് ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുഞ്ചുകുട്ടി-ജാനകി ദമ്പതികളുടെ മകനായി 1944-ൽ ജനനം. ചിറ്റൂർ എഴുത്താണിയിൽ താമസം. ഭാര്യ വിലാസിനിയും രണ്ടാമത്തെ മകൻ നാരായണൻകുട്ടിയുമാണ് കൃഷി കാര്യങ്ങളിൽ ഏറ്റവും വലിയ തുണ. മകൾ ലത,​ സോഫ്റ്റ് വെയർ എൻജിനിയർ അജയൻ, റവന്യൂ കമ്മിഷണർ ബിജു എന്നിവരാണ് മറ്റു മക്കൾ.

Advertisement
Advertisement