പിന്നാക്ക വികസന വകുപ്പ് മേഖലാ ഓഫീസ് തലസ്ഥാനത്തേക്ക് ?

Tuesday 18 May 2021 12:38 AM IST

കൊല്ലം: കൊല്ലത്തിന് അനുവദിച്ച പിന്നാക്ക വികസന വകുപ്പിന്റെ മേഖലാ ഓഫീസ് തലസ്ഥാനത്തേക്ക് പോകാൻ സാദ്ധ്യത. കൊല്ലത്ത് സ്ഥലം ലഭിക്കാത്ത സാഹചര്യത്തിലാണ് ഡയറക്ടറേറ്റിനോട് ചേർന്ന് താത്കാലിക ഓഫീസ് തുടങ്ങാൻ ആലോചിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ ഇവിടെ പിന്നീട് സ്ഥലസൗകര്യം ഉണ്ടായാലും ഓഫീസ് മാറ്റുക പ്രയാസമാകും.

കൊല്ലത്തിനൊപ്പം പാലക്കാടും മേഖലാ ഓഫീസ് അനുവദിച്ചിരുന്നു. പാലക്കാട് കളക്ടറേറ്റിൽ സ്ഥലപരിമിതിയുള്ളതിനാൽ ആലത്തൂർ മിനി സിവിൽ സ്റ്റേഷനിൽ ജില്ലാഭരണകൂടം ഇടപെട്ട് സ്ഥലം ഒരുക്കിനൽകി. എന്നാൽ കൊല്ലത്തെ ജില്ലാ ഭരണകൂടം കളക്ടറേറ്റിൽ സ്ഥലമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഏതെങ്കിലും സർക്കാർ വകുപ്പുകളുടെ കെട്ടിടങ്ങളിലെ ഒഴിഞ്ഞ സ്ഥലം കണ്ടെത്തി നൽകാനും തയ്യാറാകുന്നില്ല. ആശ്രാമത്ത് പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസ് കോമ്പൗണ്ടിൽ ഒഴിഞ്ഞ കെട്ടിടമുണ്ട്. കളക്ടറേറ്റിൽ ആർ.ടി.ഒ ഓഫീസിനോട് ചേർന്നും ഒഴിഞ്ഞ ഓഫീസ് മുറിയുണ്ട്. ഇങ്ങനെ അനുയോജ്യമായ സ്ഥലങ്ങൾ ഉണ്ടായിട്ടും കണ്ടെത്തി നൽകുന്നതിൽ ബന്ധപ്പെട്ടവർ താല്പര്യം കാണിക്കുന്നില്ല.

വകുപ്പിന് താത്പര്യം കൊല്ലം

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർക്ക് എത്താനുള്ള സൗകര്യത്തിന് കൊല്ലം നഗരത്തിൽ മേഖലാ ഓഫീസ് തുടങ്ങണമെന്നാണ് വകുപ്പിന്റെ താല്പര്യം. കഴിഞ്ഞ ഫെബ്രുവരി 19നാണ് പാലക്കാട്, കൊല്ലം എന്നിവിടങ്ങളിൽ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകൾ അനുവദിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടത്. 2011ൽ ആരംഭിച്ച വകുപ്പിന് നിലവിൽ തിരുവനന്തപുരത്ത് ഹെഡ് ഓഫീസും എറുണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖലാ ഓഫീസും മാത്രമാണുള്ളത്.

ഓഫീസ് എത്രയും വേഗം വേണം

ലോക്ഡൗൺ കഴിയുന്നതോടെ പിന്നാക്ക വികസന വകുപ്പ് ഈ വർഷത്തെ വിവിധ ആനൂകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിക്കും. റീജിണൽ ഓഫീസുകളിലാണ് അപേക്ഷ നൽകേണ്ടത്. കൊല്ലത്ത് പുതിയ മേഖലാ ഓഫീസ് സജ്ജമായില്ലെങ്കിൽ പഴയതുപോലെ എറണാകുളത്തേക്ക് അപേക്ഷ അയയ്ക്കേണ്ടി വരും.

Advertisement
Advertisement