ലോക്ഡൗൺ പരിശോധനകളെ ചില പൊലീസുകാർ കാശ് പിരിക്കാനുള്ള അവസരമായി  ഉപയോഗിക്കുന്നുവെന്ന് ബി ജെ പി 

Tuesday 18 May 2021 11:53 AM IST

തിരുവനന്തപുരം : ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പരിശോധനകളുടെ പേരിൽ ചില പൊലീസ് ഉദ്യോഗസ്ഥന്മാർ മനുഷ്യത്വ രഹിതമായി പെരുമാറുന്നത് അവസാനിപ്പിക്കണമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി സുധീർ ആവശ്യപ്പെട്ടു. പൊലീസ് സേനയിലെ ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥർ സാധാരണക്കാരുടെ നേരേ മർക്കട മുഷ്ഠി പ്രയോഗിക്കാനും, കാശ് പിരിക്കാനുമുള്ള അവസരമായി ലോക്ഡൗൺ പരിശോധനകളെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ നഗരൂരിലെ സുനിൽകുമാറിന്റെ മരണം.

കടയിൽ നിന്ന് പഴം വാങ്ങി തിരിച്ചു വരും വഴി സത്യവാങ്മൂലം ഇല്ലന്ന പേരിൽ പൊലീസ് തടയുകയും 500 രൂപ ഫൈൻ അടക്കാനും നിർദ്ദേശിക്കുകയുമായിരുന്നു. കയ്യിൽ രൂപയില്ലന്ന് അറിയിച്ചപ്പോൾ രൂപ കൊണ്ടു വന്നിട്ട് വാഹനം കൊണ്ട് പോയാൽ മതിയെന്നും പറഞ്ഞ് ബൈക്ക് പിടിച്ചു വച്ചു. മാനസികമായ തളർന്ന ഹൃദ്രോഗ ബാധിതൻ കൂടിയായ സുനിൽ കുമാർ രണ്ട് കിലോമീറ്റർ നടന്ന് വീട്ടിലെത്തി തളർന്ന് വീഴുകയായിരുന്നു.

സുനിൽ കുമാറിന്റെ മരണത്തിന് കാരണം പൊലീസ് ഉദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതമായ നടപടിയാണ് . രൂപയില്ലെന്ന് അറിയിച്ചപ്പോൾ പൊലീസ് മനുഷ്യത്വപരമായി പെരുമാറണമായിരുന്നു. ഗുണ്ട പിരിവുകാരെ പോലെയാണ് നഗരൂർ പോലീസ് പെരുമാറിയതെന്നും സുനിൽ കുമാറിന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അഡ്വ പി സുധീർ ആവശ്യപ്പെട്ടു