കെ കെ ശൈലജ മന്ത്രിയാകില്ല, എംബി രാജേഷ് സ്പീക്കര്‍; രണ്ടാമൂഴം മുഖ്യമന്ത്രിയ്ക്ക് മാത്രം

Tuesday 18 May 2021 1:01 PM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ കെ കെ ശൈലജ മന്ത്രിയാകില്ല. ശൈലജയ്ക്ക് മാത്രം ഇളവ് നൽകേണ്ടെന്ന് പാർട്ടി തീരുമാനം. മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. എംബി രാജേഷ് സ്പീക്കറാകും.

കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചുകൊണ്ട് കെ കെ ശൈലജയ്ക്ക് മാത്രം ഇളവ് നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയായിരുന്നു.

അറുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശൈലജ ജയിച്ചത്. ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സിപിഎമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവായിരുന്നു ശൈലജ. അതിനാൽത്തന്നെ ഇത്തവണയും മന്ത്രിയായി ശൈലജ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ സംഘടനാ സംവിധാനത്തിൽ എല്ലാവർക്കും തുല്യ പരിഗണന നൽകണമെന്ന നിലപാടിൽ പാര്‍ട്ടി ഉറച്ച് നിന്നതോടെയാണ് ശൈലജക്ക് മന്ത്രിസ്ഥാനം നഷ്ടമായത്.ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തിൽ ഏഴ് പേരാണ് കെകെ ശൈലജയെ അനുകൂലിച്ചത് എന്നാണ് വിവരം.