അനന്തപുരിയുടെ നഗരപിതാവായുള‌ള പരിചയം,​ കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച കരുത്തൻ,​ ഇടത് മുന്നണിയുടെ തലസ്ഥാനത്തെ മുഖമാകാൻ മന്ത്രിസഭയിലേക്ക് ശിവൻകുട്ടി

Tuesday 18 May 2021 4:16 PM IST

ബിജെപിയുടെ കേരളത്തിലെ കോട്ടയായ അവർ പാർട്ടിയുടെ ഗുജറാത്ത് എന്ന് വിശേഷിപ്പിച്ച നേമത്ത് ഇത്തവണ നടന്നത് തീപ്പൊരി പോരാട്ടമാണ്. 2016ൽ ഒ.രാജഗോപാലിലൂടെ മണ്ഡലം പിടിച്ച ബിജെപി പിന്നീട് നടന്ന ലോക്‌സഭാ,​ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇവിടെ ക്രമാനുഗതമായി അവരുടെ സ്വാധീനം വർദ്ധിപ്പിച്ചു. മറ്റ് പാർട്ടികൾക്ക് അവിടെ വിജയസാദ്ധ്യത കൽപിക്കാൻ കഴിയാത്ത തരത്തിൽ മണ്ഡലത്തിൽ ബിജെപി സ്വാധീനം കൂട്ടി.

ഇങ്ങനെയുള‌ള നേമം തിരികെ പിടിക്കാൻ ഇടത്-ഐക്യ ജനാധിപത്യ മുന്നണികൾ ഈ തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായി കണ്ട് ശക്തരായ സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കി. ബിജെപിയ്‌ക്ക് വേണ്ടി കുമ്മനം രാജശേഖരൻ മത്സര രംഗത്തെത്തിയപ്പോൾ ഇടത് മുന്നണി ഇറക്കിയത് മുൻപ് രാജഗോപാലിനോട് പരാജയപ്പെട്ട ശിവൻകുട്ടിയെ തന്നെയാണ്. കരുത്തൻ വരുന്നു എന്ന പ്രചാരണത്തിന് ഒടുവിൽ കരുത്തനായ വടകര എം.പി കെ.മുരളീധരനാണ് നേമത്ത് കോൺഗ്രസിന് വേണ്ടി രംഗത്തെത്തിയത്.

വാശിയേറിയ പോരാട്ടത്തിനൊടുവിൽ 3949 വോട്ടുകളുടെ മിന്നുന്ന ഭൂരിപക്ഷത്തിൽ നേമത്തെ ജനങ്ങൾ ശിവൻകുട്ടിയെ വീണ്ടും നിയമസഭയിലേക്കയച്ചു. ശിവൻകുട്ടിയ്‌ക്ക് പിന്നിൽ രണ്ടാംസ്ഥാനത്തായി ബിജെപി.

ഇത് മൂന്നാം വട്ടമാണ് വി.ശിവൻകുട്ടി നിയമസഭയിലേക്ക് എത്തുന്നത്. 2006ൽ തിരുവനന്തപുരം ഈസ്‌റ്റ് മണ്ഡലത്തിൽ നിന്നും വിജയിച്ചു. 2011ൽ നേമം മണ്ഡലത്തിൽ നിന്നും ബിജെപിയുടെ കരുത്തനായ ഒ.രാജഗോപാലിനെ 6415 വോട്ടിന് തോൽപിച്ച് നിയമസഭയിലെത്തി. 2016ൽ അതേ രാജഗോപാലിനോട് പരാജയപ്പെട്ടപ്പോൾ സംസ്ഥാന നിയമസഭാ ചരിത്രത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു.

ആ അക്കൗണ്ട് ഇത്തവണ ക്ളോസ് ചെയ്യും എന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും പറഞ്ഞത് ഒട്ടും തെ‌റ്റിയില്ല. മികച്ച വിജയം തന്നെ വി.ശിവൻകുട്ടി ഇടത് മുന്നണിയ്‌ക്ക് വേണ്ടി നേമത്ത് നേടിക്കൊടുത്തു.

വിദ്യാർത്ഥി രാഷ്‌ട്രീയ കാലം മുതൽ ചെങ്കൊടിത്തണലിൽ ചേർന്ന് നിന്നുള‌ളതാണ് ശിവൻകുട്ടിയുടെ പൊതുപ്രവർത്തന ചരിത്രം. 1954 നവംബർ 10ന് വാസുദേവൻ പിള‌ളയുടെയും കൃഷ്‌ണമ്മയുടെയും മകനായി തിരുവനന്തപുരം ശ്രീകാര്യത്തിനടുത്ത് ചെറുവയ്‌ക്കലിലാണ് വി.ശിവൻകുട്ടിയുടെ ജനനം.

എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും പിന്നീട് സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായി. ചെമ്പഴന്തി കോളേജിൽ പഠിക്കുമ്പോൾ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിലിലായി. പിന്നീട് കേരള സർവകലാശാല സെനറ്റ്‌, കാർഷിക സർവകലാശാല ജനറൽ കൗൺസിൽ എന്നിവയിൽ അംഗമായിട്ടുണ്ട്‌. ഉള‌ളൂർ പഞ്ചായത്ത്‌ പ്രസിഡന്റായാണ് പാർലമെന്ററി രംഗത്തെ വലിയ സ്ഥാനങ്ങളിലേക്കുള‌ള അദ്ദേഹത്തിന്റെ പ്രയാണത്തിന്റെ തുടക്കം. പിന്നീട് പഞ്ചായത്ത് കോർപറേഷനിൽ ചേർത്തപ്പോൾ കൗൺസിലറും തുടർന്ന് മേയറുമായി.

അനന്തപുരി മേയറായിരിക്കെ ശുചീകരണ പ്രവർത്തികൾക്ക് തുടക്കമിട്ട് ശ്രദ്ധനേടി. സിഐടിയുവിന്റെ നിരവധി സംഘടനകളിൽ സജീവസാന്നിദ്ധ്യമായ അദ്ദേഹത്തിന് പൊതുപ്രവർത്തകർക്കുള‌ള പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. വരദരാജൻ അവാർഡ്,​ അംബേദ്‌കർ അവാർഡ് എന്നിവ അക്കൂട്ടത്തിൽ പെടും.

പി.എസ്.സി അംഗമായ ആർ.പാ‌ർവതി ദേവിയാണ് വി.ശിവൻകുട്ടിയുടെ ഭാര്യ. ഇടത് താത്വിക ആചാര്യനായിരുന്ന പി.ഗോവിന്ദപിള‌ളയുടെ മകളാണ് പാർവതി ദേവി. ഗോവിന്ദ് ശിവനാണ് മകൻ.