യുവജന സമരങ്ങളിൽ സിപിഐയുടെ മുഖം, ആദ്യ പിണറായി സർക്കാരിൽ ചീഫ് വിപ്പ്, ഇപ്പോൾ കെ രാജനെ തേടിയെത്തിയത് മന്ത്രിസ്ഥാനം

Tuesday 18 May 2021 6:34 PM IST

കഴിഞ്ഞ 40 വർഷത്തിൽ ഒരാൾ പോലും തുടർച്ചയായി രണ്ടാമത് വിജയിച്ച ചരിത്രമില്ലാത്ത ഒല്ലൂർ മണ്ഡലത്തിൽ നിന്ന് ആ ചരിത്രം തിരുത്തിക്കുറിച്ച് സഭയിലെത്തിയിരിക്കുകയാണ് കെ.രാജൻ. സിപിഎമ്മിനൊപ്പം സിപിഐയും മന്ത്രിമാരിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയതോടെ ഒന്നാം പിണറായി സർക്കാർ കാലത്ത് ചീഫ് വിപ്പായിരുന്ന രാജൻ ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് എത്തുകയാണ്.

എഐഎസ്എഫിലൂടെ വിദ്യാർഥി രാഷ്ട്രീയ രംഗത്ത് സജീവ പ്രവർത്തകനാകുന്നത്. എഐവൈഎഫ് ദേശീയ സെക്രട്ടറിയായി.കാലിക്കറ്റ് സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള‌ള കെ.രാജൻ ഇപ്പോൾ സിപിഐ സംസ്ഥാന എക്സി.അംഗമാണ്.

അന്തിക്കാട് ഗവ. എൽ പി സ്‌കൂളിലും ഹൈസ്‌കൂളിലും പ്രാഥമിക പഠനം,തൃശൂർ കേരളവർമ കോളേജിലും, ശക്തൻ തമ്പുരാൻ കോളേജിലുമായി ബിരുദ പഠനം പൂർത്തിയാക്കി. ഈ കാലഘട്ടത്തിലാണ്
തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും നിയമത്തിലും ബിരുദം നേടി. ശേഷം തൃശൂർ കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചെങ്കിലും, പിന്നീട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.

വിദ്യാഭ്യാസ കച്ചവടം, പെൻഷൻ പ്രായ വർധന, അതിരപ്പിള‌ളി പാരിസ്ഥിതിക പ്രശ്‌നം, വൈദ്യുതി നിരക്ക് വർദ്ധന, സോളാർ കേസ്, ബാർ കോഴ കേസ് തുടങ്ങിയ വിദ്യാർഥി-യുവജന സമരമുഖങ്ങളിൽ നേതൃത്വം വഹിച്ചു. നിരവധി വിദ്യാർഥി യുവജന സമരമുഖങ്ങളിൽ പോലീസ് മർദ്ദനങ്ങൾക്ക് ഇരയായി, നാല് തവണ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. എ ഐ എസ് എഫ് എ ഐ വൈ എഫ് ജില്ലാ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

അന്തിക്കാട് പുളിക്കൽ പരേതനായ കൃഷ്ണൻകുട്ടി മേനോന്റെയും രമണിയുടേയും മൂത്ത മകനായി 1973 മേയ് 26ന് അന്തിക്കാട് ജനിച്ചു.ശാസ്ത്രസാഹിത്യ പരിഷത്തിലൂടെയും, ബാലവേദിയിലൂടെയും, ചടയംമുറി സ്മാരകത്തിലെ കെ.ജി കേളൻ ഗ്രന്ഥശാലയിലൂടെയും പൊതുപ്രവർത്തന രംഗത്തെത്തി. മൂവാറ്റുവുഴ തൃക്കളത്തൂർ പുതുച്ചേരിയിൽ അനുപമയാണ് (കൊച്ചിൻ ദേവസ്വം ബോർഡ്) ഭാര്യ.