മരണത്തിലും ഒന്നിച്ച് മലയാളി ഇരട്ട സഹോദരങ്ങൾ

Wednesday 19 May 2021 12:00 AM IST
twin brothers

മീററ്റ്: കാണാൻ ഒരുപോലെ. സ്വഭാവവും അങ്ങനെതന്നെ. ഒരാൾ ചിരിച്ചാൽ അടുത്തയാളും ചിരിക്കും. ഒരാളൊന്ന് പനിച്ചാൽ മറ്റെയാൾക്കും പനി ഉറപ്പ്. ഇരട്ടകളായിരുന്ന ജിയോഫ്രെഡിന്റെയും റാൽഫ്രെഡിന്റെയും പ്രത്യേകതയാണത്. മരണത്തിലും അവരത് നിലനിറുത്തി. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ജോഫ്രെഡാണ് ആദ്യം മരിച്ചത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം റാൽഫ്രെഡും യാത്രയായി. ഇക്കഴിഞ്ഞ ഏപ്രിൽ 23ന് 24-ാം പിറന്നാൾ ആഘോഷിച്ചതിന്റെ പിറ്റേന്നാണ് ഇരുവർക്കും കൊവിഡ് ബാധിച്ചത്.

മീററ്റിലെ കന്റോൺമെന്റ് മേഖലയിൽ സ്ഥിരതാമസമാക്കിയ തൃശൂർ മുളങ്കുന്നത്തുകാവ് ഗ്രാമല ബ്രഹ്മകുളം വീട്ടിൽ അദ്ധ്യാപകരായ ഗ്രിഗറി റാഫേൽ-സോജ ദമ്പതികളുടെ മക്കളാണിവർ. കമ്പ്യൂട്ടർ എൻജിനീയറിംഗ് ബിരുദദാരികളായ ഇരുവരും ഹൈദരാബാദിലെ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും വളർന്നതും പഠിച്ചതും മീററ്റിലാണ്.

ഒരേദിവസം ഒരുമിച്ചാണ് ഇരുവർക്കും കൊവിഡ് പിടിപെട്ടത്. ആദ്യം വീട്ടിൽ കഴിഞ്ഞ് ചികിത്സ തുടർന്നെങ്കിലും ഓക്സിജൻ അളവ് 90ൽ താഴെ ആയപ്പോൾ മേയ് ഒന്നിന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയിലെത്തി കുറച്ചു ദിവസങ്ങൾക്കുശേഷം നടത്തിയ രണ്ടാം ആർ.ടി.പി.സി.ആർ പരിശോധനയിൽ കൊവിഡ് നെഗറ്റീവായി. കൊവിഡ് വാർഡിൽനിന്ന് ഇരുവരെയും സാധാരണ ഐ.സി.യുവിലേക്ക് മാറ്റാനും ഡോക്ടർമാർ തയാറായിരുന്നു. എന്നാൽ രണ്ടു ദിവസത്തേക്ക് അവരുടെ ആരോഗ്യനില പരിശോധിച്ചശേഷം മാറ്റിയാൽ മതിയെന്ന് പിതാവ് ആവശ്യപ്പെട്ടു. പക്ഷേ, മേയ് 13ന് വൈകിട്ടും 14ന് പുലർച്ചെയുമായി മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടുപേരെയും കുടുംബത്തിന് നഷ്ടമായി.

ചെറുപ്പം മുതലേ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മറ്റേയാൾക്കും അതു സംഭവിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ജോഫ്രെഡ് മരിച്ചെന്ന വാർത്ത അറിഞ്ഞപ്പോൾ റാൽഫ്രഡ് മാത്രമായി വീട്ടിലേക്കു തിരിച്ചെത്തില്ലെന്ന് ഭാര്യയോട് പറഞ്ഞിരുന്നതായി പിതാവ് ഗ്രിഗറി പറഞ്ഞു.

Advertisement
Advertisement