ഒളിമ്പിക്സ് വേണ്ടെന്ന് 80% ജപ്പാൻകാരും

Tuesday 18 May 2021 9:19 PM IST

ടോക്കിയോ : ടോക്കിയോ ഒളിമ്പിക്സ് തുടങ്ങാൻ പത്താഴ്ച മാത്രം ശേഷിക്കേ ‌ കൊവിഡ് സാഹചര്യത്തിൽ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിൽ 80% ജപ്പാൻകാർക്കും താത്പര്യമില്ലെന്ന് അഭിപ്രായ സർവേ ഫലം. കഴിഞ്ഞ വർഷം മാറ്റിവച്ച ഒളിമ്പിക്സാണ് ജൂലായ് 23 മുതൽ ആഗസ്റ്റ് 8വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജപ്പാനിൽ കുറച്ചുനാളായി ജനകീയ പ്രക്ഷോഭവും ഒപ്പുശേഖരണവും നടന്നുവരികയാണ്. കാണികളെ ഒഴിവാക്കി ഗെയിംസ് നടത്താനാണ് സംഘാടകരുടെ ആലോചന.

ഒളിമ്പിക്സ് റദ്ദാക്കണമെന്ന ആവശ്യവുമായി ടോക്കിയോ നഗരത്തിലെ ഡോക്ടർമാരുടെ സംഘടനയും രംഗത്ത് വന്നിട്ടുണ്ട്. നഗരത്തിൽ കേസുകൾ കൂടിവരികയാണെന്നും ആവശ്യമായ ഡോക്ടർമാരോ ആശുപത്രി കിടക്കകളോ ഇല്ലാത്ത സാഹചര്യമാണെന്നും ഡോക്ടർമാർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.