പത്തനംതിട്ടയുടെ പകിട്ടുമായി വീണാ ജോർജ്

Wednesday 19 May 2021 12:00 AM IST

ആറന്മുള : രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിലേക്ക് ജില്ലയിൽ നിന്നുള്ള പ്രഥമ വനിതാമന്ത്രിയായി വീണാ ജോർജ് (45). ജില്ലയ്ക്ക് അഭിമാനനേട്ടമാകുകയാണ് ഈ മന്ത്രി പദം. രണ്ടാംതവണ മികച്ച ഭൂരിപക്ഷം നേടിയ വീണാജോർജ് മന്ത്രി സ്ഥാനത്തിനോ സ്പീക്കർ പദവിക്കോ അർഹയാണെന്ന് രാഷ്ട്രീയ വൃത്തങ്ങളും മണ്ഡലത്തിലെ ജനങ്ങളും വിധിയെഴുതിയിരുന്നു.

ആറന്മുള മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തുന്ന മൂന്നാമത്തെ എം.എൽ.എയാണ് വീണാജോർജ് . കോൺഗ്രസ്സിലെ എം.കെ. ഹേമചന്ദ്രൻ 1977 ലും എൻ.ഡി.പി യിൽ നിന്ന് അഡ്വ. എസ്. രാമചന്ദ്രൻ നായർ 91 ലും ആറൻമുളയിൽ നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. പ്രളയനാളുകളിലും കൊവിഡ് കാലത്തും ജനങ്ങളോട് കാട്ടിയ ആത്മാർത്ഥതയ്ക്കും കരുതലിനും വികസന രംഗത്ത് വ്യക്തമായ കാഴ്ചപ്പാടുകൾ നടപ്പാക്കാൻ കഴിഞ്ഞതിലും ലഭിച്ച അംഗീകാരമാണ് മന്ത്രി പദമെന്ന് വീണാ ജോർജ് പറഞ്ഞു.

അദ്ധ്യാപന, മാദ്ധ്യമ രംഗത്ത് മികവ് തെളിയിച്ച പഴയ എസ്.എഫ്.ഐ പ്രവർത്തകയെ ആറന്മുളയിൽ 2016ൽ സി.പി.എം മുൻ എം.എൽ.എ. ശിവദാസൻ നായർക്കെതിരെ കന്നിയങ്കത്തിന് ഇറക്കുകയായിരുന്നു. അന്ന് 7636 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം. ഇക്കുറി രണ്ടാം അങ്കത്തിൽ പ്രതിബന്ധങ്ങളെ തകർത്തെറിഞ്ഞ് 19,003 വോട്ടുകളോടെ ഭൂരിപക്ഷം ഇരട്ടിപ്പിച്ചു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലും വ്യക്തമായ ജനപിന്തുണ നേടിയായിരുന്നു ജൈത്രയാത്ര.

2012 ൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ തിരഞ്ഞെടുത്ത അഞ്ച് മാദ്ധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു വീണാ ജോർജ്. പിന്നീട് വിവിധ ചാനലുകളിലൂടെ വാർത്താ അവതരണ ശൈലിയ്ക്ക് പുതിയ തലം കണ്ടെത്തിയ വീണാ അന്നു മുതൽക്കേ ജനഹൃദയങ്ങളിൽ ഇടം നേടിയിരുന്നു. കേരള സർവ്വകലാശാലയിൽ നിന്ന് എംഎസ്.സി ഫിസിക്സിലും ബി എഡിനും റാങ്ക് കരസ്ഥമാക്കിയ വീണയ്ക്ക് ഏഷ്യാവിഷൻ, പി.ഭാസ്ക്കരൻ ഫൗണ്ടേഷൻ, നോർത്ത് അമേരിക്കൻ പ്രസ് ക്ലബ്, യു.എ.ഇ ഗ്രീൻ ചോയ്സ് തുടങ്ങിയ മാദ്ധ്യമ അവാർഡുകളും ലഭിച്ചിട്ടുണ്ട്.

അഭിഭാഷകനായ അന്തരിച്ച പി.ഇ. കുര്യാക്കോസിന്റെയും പത്തനംതിട്ട നഗരസഭ മുൻ കൗൺസിലറായ റോസമ്മ കുര്യാക്കോസിന്റെയും മകളാണ്. മലങ്കര ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയും അദ്ധ്യാപകനുമായ ഡോ. ജോർജ് ജോസഫാണ് ഭർത്താവ്. മക്കൾ: അന്ന (പ്ലസ് വൺ വിദ്യാർത്ഥിനി ), ജോസഫ് ( ഏഴാം ക്ലാസ്).

Advertisement
Advertisement