കിട്ടി, ജില്ലയ്ക്കൊരു മന്ത്രി

Wednesday 19 May 2021 1:37 AM IST

കൊച്ചി: അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം വ്യവസായ തലസ്ഥാനമായ എറണാകുളം ജില്ലയ്ക്ക് ഒരു സ്വന്തം മന്ത്രി. പി. രാജീവ്. ലഭിക്കുക ഏത് വകുപ്പായിരിക്കുമെന്ന ആകാംക്ഷ മാത്രം ബാക്കി.എല്ലാ മേഖലകളെയും വ്യക്തമായി അറിയുന്ന വ്യക്തിയെന്ന നിലയിൽ ജില്ലയുടെ വികസനത്തിന് വേഗത വർദ്ധിപ്പിക്കാൻ പി. രാജീവിന്റെ മന്ത്രിസ്ഥാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കളമശേരിയിൽ നേടിയ അട്ടിമറിവിജയത്തിന്റെ കരുത്തുമായാണ് രാജീവ് മന്ത്രിസ്ഥാനം ഏൽക്കുന്നത്. പാലാരിവട്ടം ഫ്ളൈഓവർ നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട വിവാദം കത്തിനിന്ന മണ്ഡലത്തിലാണ് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി.ഇ. അബ്ദുൾ ഗഫൂറിനെ തോല്പിച്ചാണ് രാജീവ് വിജയിച്ചത്.

പിണറായി വിജയന്റെ ആദ്യമന്ത്രിസഭയിൽ എറണാകുളം ജില്ലയ്ക്ക് പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. വൈപ്പിനിൽ ജയിച്ച എസ്. ശർമ്മ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. ഇ.പി. ജയരാജൻ, വി.എസ്. സുനിൽകുമാർ എന്നിവർക്കായിരുന്നു ജില്ലയുടെ ചുമതല മന്ത്രിസഭയിൽ ലഭിച്ചത്.

വ്യവസായ, വിവരസാങ്കേതികവിദ്യ എന്നിവയുടെ കേന്ദ്രമായ എറണാകുളം കൊവിഡ് വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ സാമ്പത്തികമായി തകർന്ന അവസ്ഥയിലാണ്. രണ്ടു പ്രളയങ്ങൾ സാരമായി ബാധിച്ച ജില്ലയുമാണ്. നവകേരള നിർമാണ പദ്ധതിയിലുൾപ്പെടെ നിരവധി വികസനങ്ങൾ നടപ്പാക്കേണ്ട സാഹചര്യത്തിൽ ജില്ലയ്ക്ക് മന്ത്രിയെ ലഭിക്കുന്നത് കുതിപ്പേകുമെന്നാണ് പ്രതീക്ഷ.

വ്യവസായ ജില്ല

വാണിജ്യ, വ്യാപാര, വ്യവസായ സംരംഭങ്ങളുടെ കേന്ദ്രമാണ് ജില്ല. വൻകിടക്കാർക്ക് പുറമെ മുപ്പതിനായിരം ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങൾ ജില്ലയിലുണ്ട്. മൂന്നു ലക്ഷത്തോളം പേർ നേരിട്ടും അത്രയും തന്നെ പരോക്ഷമായും തൊഴിൽ നൽകുന്ന മേഖലയാണിത്. ഈ മേഖലയുടെ വികസനത്തിനും കുതിപ്പിനും മന്ത്രിസ്ഥാനം സഹായിക്കുമെന്നാണ് വാണിജ്യവ്യവസായ മേഖല പ്രതീക്ഷിക്കുന്നത്. ടൂറിസം, ഐ.ടി. തുടങ്ങിയ മേഖലകളും പ്രതീക്ഷ പുലർത്തുന്നു.

പരിചയം മികവ്

വിവിധ രംഗങ്ങളെക്കുറിച്ചുള്ള അറിവും പരിജ്ഞാനവും മന്ത്രിയെന്ന നിലയിൽ പി. രാജീവിന് തുണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശൂർ ജില്ലയിലെ മേലഡൂർ സ്വദേശിയാണെങ്കിലും പഠനകാലം മുതൽ കൊച്ചിയിലാണ് അദ്ദേഹം കഴിയുന്നത്. രാജ്യസഭാംഗമെന്ന നിലയിൽ വലിയ പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്. എം.പിയെന്ന നിലയിൽ നിരവധി സവിശേഷ പദ്ധതികൾ നടപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എം.പി ഫണ്ട് വിനിയോഗത്തിലും നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടും ഉപയോഗിച്ച് ആധുനികസംവിധാനങ്ങൾ സ്ഥാപിക്കാനും പി. രാജീവ് നേതൃത്വം നൽകിയിട്ടുണ്ട്. സർക്കാർ സ്‌കൂളുകളിൽ ആധുനികസൗകര്യങ്ങൾ ഒരുക്കാനും നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.

ആരോഗ്യമേഖല നിർണായകം

ജൈവപച്ചക്കറികൃഷി, കനിവ് ഭവനപദ്ധതി, പാലിയേറ്റീവ് കെയർ, ആക്ഷൻ ഫോഴ്‌സ് തുടങ്ങി രാഷ്ട്രീയേതര പ്രവർത്തനങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു രാജീവ്. രാഷ്ട്രീയത്തിനപ്പുറം വിപുലമായ ബന്ധങ്ങളും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള കഴിയും ജില്ലയുടെ വികസനത്തിൽ സഹായമാകും. കളമശേരി മണ്ഡലത്തിൽ ഉൾപ്പെടുന്ന സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി കാൻസർ സെന്റർ തുടങ്ങിയ ആരോഗ്യമേഖലയിലെ അഭിമാനസ്ഥാപനങ്ങളുടെ വികസനത്തിനും വളർച്ചയ്ക്കും പി. രാജീവിന്റെ മന്ത്രിസ്ഥാനം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Advertisement
Advertisement