കനറാ ബാങ്കിന് ₹1,011 കോടി ലാഭം

Wednesday 19 May 2021 3:44 AM IST

കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാനപാദമായ ജനുവരി-മാർച്ചിൽ 1,010.87 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2020ലെ സമാനപാദത്തിൽ ബാങ്ക് കുറിച്ചത് 3,259.33 കോടി രൂപയുടെ നഷ്‌ടം ആയിരുന്നു. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാദ്ധ്യത (പ്രൊവിഷൻസ്) കുറഞ്ഞതാണ് ബാങ്കിന് ഇക്കുറി നേട്ടമായത്. 5,375.38 കോടി രൂപയിൽ നിന്ന് 4,134 കോടി രൂപയായാണ് ബാദ്ധ്യത കുറഞ്ഞത്.

വരുമാനം 14,222.39 കോടി രൂപയിൽ നിന്നുയർന്ന് 21,522.60 കോടി രൂപയായി. പ്രവർത്തനലാഭത്തിൽ 136.40 ശതമാനവും അറ്റ പലിശ വരുമാനത്തിൽ 9.87 ശതമാനവും വളർച്ചയുണ്ട്. 2020-21 സാമ്പത്തിക വർഷത്തെ മൊത്ത ലാഭം 2,557.58 കോടി രൂപയാണ്. 2019-20ൽ 2,235.72 കോടി രൂപയുടെ നഷ്‌ടമാണ് ബാങ്ക് നേരിട്ടത്. അതേസമയം, കനറാ ബാങ്കും സിൻഡിക്കേറ്റ് ബാങ്കും തമ്മിലെ ലയനം കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനാണ് പ്രാബല്യത്തിൽ വന്നതെന്നതിനാൽ, കഴിഞ്ഞവർഷത്തെ മൊത്തം പ്രകടനത്തെ 2019-20ലെ കണക്കുകളുമായി താരതമ്യം ചെയ്യാനാവില്ല.

കഴിഞ്ഞപാദത്തിൽ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 8.93 ശതമാനമാണ്. ഡിസംബർപാദത്തിൽ ഇത് 7.46 ശതമാനമായിരുന്നു. അറ്റ നിഷ്ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 2.64 ശതമാനത്തിൽ നിന്ന് 3.82 ശതമാനത്തിലുമെത്തി.