കൊവിഡ്: മൃതദേഹത്തിൽ തൊടാതെ മതചടങ്ങുകൾ

Wednesday 19 May 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി മതാചാരപ്രകാരം സംസ്‌കരിക്കാൻ ബന്ധുക്കളെ അനുവദിക്കും. വിശുദ്ധഗ്രന്ഥ പാരായണം, തീർത്ഥം തളിക്കൽ തുടങ്ങി മൃതദേഹത്തിൽ സ്പർശിക്കാതെയുള്ള മതചടങ്ങുകൾ അനുവദിക്കും.

നിലവിൽ ഇതിന് മാർഗനിർദ്ദേശമുണ്ടെങ്കിലും അനുമതി നൽകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതോടെ മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരത്തിന് അനുമതി നൽകാൻ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. പി.പി.ഇ കിറ്റ് അടക്കമുള്ള സുരക്ഷാവസ്ത്രങ്ങൾ ധരിച്ച മൂന്നോ നാലോ ബന്ധുക്കളെയോ വോളണ്ടിയർമാരെയോ മാത്രമേ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ബാഗിൽ സ്‌പർശിക്കാൻ അനുവദിക്കൂ.

മാനദണ്ഡങ്ങൾ

മൃതദേഹം സംസ്‌കരിക്കാനുള്ള കുഴിക്ക് ആറടി താഴ്ചവേണം. ചിതാഭസ്മം ശേഖരിക്കാം. മരണം വീട്ടിൽ വച്ചാണെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറിയെയും ആരോഗ്യപ്രവർത്തകരെയും അറിയിക്കണം. ആശുപത്രിയിൽ മരിച്ചാൽ രോഗിയുടെ മേൽവിലാസം ഉൾപ്പെടുന്ന തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് മൃതദേഹം കൈമാറുക. തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നൽകിയാൽ സംസ്‌കരിക്കാൻ ഉദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തേക്ക് ബന്ധുക്കൾക്ക് മൃതദേഹം കൊണ്ടുപോകാം. മൃതദേഹം ജില്ലവിട്ട് കൊണ്ടുപോകണമെങ്കിൽ ആശുപത്രിയിൽ നിന്ന് മരണസർട്ടിഫിക്കറ്റ്, പരിശോധനാ സർട്ടിഫിക്കറ്റുകൾ എന്നിവ നൽകണം.

ആവശ്യമെങ്കിൽ മൃതദേഹത്തിൽ നിന്ന് ഒരിക്കൽ കൂടി സാമ്പിൾ ശേഖരിക്കും. പരിശോധനാഫലത്തിന് കാക്കാതെ മൃതദേഹം വിട്ടുനൽകും. തദ്ദേശസ്ഥാപനത്തിലെ സെക്രട്ടറിയുടെ അനുമതിയോടെയാണ് ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ടുകൊടുക്കുന്നത്. ആവശ്യമെങ്കിൽ സംസ്‌കാരത്തിനുള്ള ക്രമീകരണങ്ങൾക്ക് തദ്ദേശസ്ഥാപന അധികൃതർ സഹായിക്കും. കൊവിഡ് സംശയിക്കുന്ന ആളാണെങ്കിലും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാകും സംസ്‌കാരം. പോസ്റ്റ്‌മോർട്ടം അത്യാവശ്യമെങ്കിൽ മാത്രം നടത്തും. വേഗത്തിൽ സംസ്‌കാരം നടത്തണമെന്നതിനാൽ മൃതദേഹം എംബാം ചെയ്യാൻ അനുവദിക്കില്ല.