64,200 ഡോസ് വാക്സിൻ റെഡി അപേക്ഷകർ 20 പേർ മാത്രം

Wednesday 19 May 2021 12:09 AM IST

മലപ്പുറം: 18 മുതൽ 44 വയസ് വരെയുള്ളവരിലെ മുൻഗണന വിഭാഗക്കാർക്കുള്ള വാക്‌സിനേഷന് കൃത്യമായ രേഖകളോടെ അപേക്ഷ സമർപ്പിച്ചത് 20 പേർ മാത്രം. നാല് ദിവസത്തിനിടെ ലഭിച്ച 4,500 അപേക്ഷകൾ ജില്ലാതല സമിതി പരിശോധിച്ചപ്പോഴാണ് ഈ അവസ്ഥ. ഗുരുതര ഹൃദ്രോഗമുള്ളവർ, ഗുരുതര പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ചികിത്സ തേടുന്നവർ, വൃക്ക, കരൾ രോഗികൾ, കാൻസർ ബാധിതർ തുടങ്ങി 20 രോഗാവസ്ഥയുള്ളവരെയാണ് മുൻഗണന പട്ടികയിൽ ആരോഗ്യവകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഇവർക്കായി
46,000 ഡോസ് കൊവിഷീൽഡും 18,200 ഡോസ് കൊവാക്‌സിനും ശനിയാഴ്ച്ച തന്നെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്ക് കൈമാറിയിരുന്നു. തിങ്കളാഴ്ച മുതൽ വാക്‌സിനേഷൻ തുടങ്ങാനായിരുന്നു ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ ലക്ഷ്യമിട്ടിരുന്നത്. മറ്റ് പല ജില്ലകളിലും വാക്‌സിനേഷന് തുടക്കമിട്ടിട്ടുണ്ട്.
മുൻഗണന വിഭാഗത്തിന് മാത്രമാണ് നിലവിൽ വാക്‌സിനേഷൻ നൽകുന്നത്. അപേക്ഷകൻ ഗുരുതര രോഗമുള്ളവരാണെന്ന് തെളിയിക്കുന്നതിന് രജിസ്‌റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ സർട്ടിഫിക്കറ്റ് വേണം. വീടിന് സമീപത്തെ ഡോക്ടറെ സമീപിച്ച് അപേക്ഷകന്റെ മരുന്ന് ശീട്ടുകളും രേഖകളും ഹാജരാക്കിയാൽ സർട്ടിഫിക്കറ്റ് ലഭിക്കും. സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാർ സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് തന്നെ വേണമെന്നില്ല. ജില്ലയിലെ അപേക്ഷകരിൽ അർഹത നേടാതെ പോയവരിൽ ഭൂരിഭാഗം പേരും അപ്‌ലോഡ് ചെയ്തത് ആധാർ കാർഡും സ്വന്തം ഫോട്ടോയും ഇൻഷ്വറൻസ് അടക്കമുള്ള രേഖകളാണ്. ഇതാണ് അപേക്ഷകൾ നിരസിക്കാൻ കാരണമെന്നും വ്യക്തമായ രേഖകളോടെ വീണ്ടും അപേക്ഷിക്കാമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.


സഹായം ലഭിക്കും
ജില്ലയിൽ കൃത്യമായ സർട്ടിഫിക്കറ്റുകളോടെ അപേക്ഷിക്കുന്നവരുടെ എണ്ണം തീരെ കുറഞ്ഞതോടെ ആശാപ്രവർത്തകരുടെയും പാലിയേറ്റീവ് വാളണ്ടിയർമാരുടെയും സഹായത്തോടെ അവരവരുടെ പരിധികളിലെ മുൻഗണന വിഭാഗക്കാരെ വിവരം അറിയിക്കാനും സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ സഹായം നൽകാനും ജില്ലാ ആരോഗ്യ വകുപ്പ് മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻഗണന വിഭാഗത്തിൽപ്പെട്ട ആയിരക്കണക്കിന് ആളുകൾ ജില്ലയിലുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ അനൗദ്യോഗിക കണക്ക്. ഇവർക്കായാണ് 64,200 ഡോസ് വാക്‌സിൻ ജില്ലയിൽ എത്തിച്ചത്.

ഇന്ന് തുടക്കമിടും

18നും 44നും ഇടയിൽ പ്രായമുള്ളവർക്കായുള്ള വാക്സിനേഷന്‌ ഇന്ന് ജില്ലയിൽ തുടക്കമാവും. യോഗ്യരായ 20 പേരിൽ പത്ത് പേർക്കായി ചുങ്കത്തറ സി.എച്ച്.സിയിലാണ് വാക്സിനേഷൻ നൽകുക. അർ‌ഹരായ അപേക്ഷകരുടെ എണ്ണം വർദ്ധിക്കുന്നതോടെ തുടർദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷന്‌ സൗകര്യമൊരുക്കും.

രജിസ്റ്റർ ചെയ്യേണ്ടതിങ്ങനെ
www.cowin.gov.in എന്ന വെബ്‌സൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്യുക. ഇതോടെ റഫറൻസ് ഐഡി ലഭിക്കും.
മുൻഗണന ലഭിക്കുന്നതിന് www.covid19.kerala.gov.in/vaccine എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് കൊവിൻ പോർട്ടലിലെ റഫറൻസ് ഐഡി മൊബൈൽ നമ്പറും നൽകുക.


ഒ.ടി.പി നൽകുന്നതോടെ വിവരങ്ങൾ നൽകേണ്ട പേജ് വരും. ജില്ല, പേര്, ലിംഗം, ജനന തീയതി, സമീപത്തെ വാക്‌സിനേഷൻ കേന്ദ്രം, രോഗവിവരങ്ങൾ സംബന്ധിച്ച് ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക.


അപേക്ഷ ജില്ലാതല സമിതി പരിശോധിച്ച ശേഷം വാക്‌സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ സംബന്ധിച്ച് എസ്.എം.എസ് ലഭിക്കും.

Advertisement
Advertisement