ഇന്നലെ 1108 പേർക്ക് കൊവിഡ്

Wednesday 19 May 2021 10:58 PM IST

പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 1108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഒരാൾ വിദേശത്ത് നിന്ന് വന്നതും, 21 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്.

ഇന്ന് വാക്‌സിനേഷൻ നടക്കുന്ന കേന്ദ്രങ്ങൾ

പത്തനംതിട്ട: ജില്ലയിൽ 18-45 പ്രായപരിധിയിലുള്ളവർക്ക് ഇന്ന് മൂന്നുകേന്ദ്രങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യും. 18-45 പ്രായപരിധിയിലെ മറ്റ് അസുഖങ്ങളുള്ളവരായ ഓൺലൈൻ രജിസ്റ്റർ ചെയ്ത് അപ്രൂവൽ വാങ്ങിയവർക്ക് മാത്രമേ കുത്തിവയ്പ്പ് ഉണ്ടാകൂ. അടൂർ ജനറൽ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ നൽകുന്നത്. ജില്ലയിൽ 45 വയസിന് മുകളിലുള്ളവർക്ക് ഉൾപ്പെടെ വാക്‌സിൻ വിതരണത്തിനായി സ്റ്റോക്ക് ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വകാര്യ ആശുപത്രികൾക്കുള്ള മാർഗനിർദേശങ്ങൾ

കൊവിഡ് കാലത്ത് സ്വകാര്യ ആശുപത്രികൾ പാലിക്കേണ്ട കർശന മാർഗനിർദേശങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പുറപ്പെടുവിച്ചു.

ഓക്‌സിജൻ ഉപയോഗം കുറയ്ക്കുന്നതിന് ഓക്‌സിജൻ ആവശ്യമായ അടിയന്തര ശസ്ത്രക്രിയകൾ മാത്രമേ ചെയ്യാവൂ.

  • ഗുരുതരമല്ലാത്ത, മുൻകൂർ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ ഒഴിവാക്കണം.
  • ഓക്‌സിജന്റെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കാൻ ആശുപത്രി തലത്തിൽ ഓക്‌സിജൻ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കണം.
  • ഓഡിറ്റ് കമ്മിറ്റി തയ്യാറാക്കുന്ന ഓഡിറ്റ് റിപ്പോർട്ടുകൾ ജില്ലാ ഓക്‌സിജൻ വാർ റൂമിനും ജില്ലാ മെഡിക്കൽ ഓഫീസിനും അയയ്ക്കണം.
  • ഓക്‌സിജൻ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ മെയ്ന്റനൻസ് ഉറപ്പു വരുത്തണം. ഓക്‌സിജന്റെ ചോർച്ച ഉണ്ടാകുന്നില്ല എന്നും ഉറപ്പാക്കണം.
  • എല്ലാ ആശുപത്രികളും ഓക്‌സിജൻ ഉപയോഗം യുക്തിസഹമാക്കണം.
  • ആശുപത്രിയിൽ കിടക്കകൾ ഒഴിവുണ്ടെങ്കിൽ രോഗികൾക്ക് പ്രവേശനം നിഷേധിക്കരുത്.
  • ഒരു രോഗിയുടെ പ്രവേശനം നിഷേധിക്കുകയാണെങ്കിൽ കൂടുതൽ അന്വേഷണങ്ങൾക്കായി ആ രോഗിയുടെ പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട് രേഖ സൂക്ഷിക്കണം.
  • ആശുപത്രികളുടെ സുരക്ഷാ നിലവാരം പരിശോധിക്കുന്നതിനായി ദ്രുത സുരക്ഷാ ഓഡിറ്റ് ടീമുകൾ (ആർഎസ്എടി) ക്രമരഹിതമായി പരിശോധന നടത്തും.
  • ദ്രുത സുരക്ഷാ ഓഡിറ്റ് ടീമുകളുമായി സഹകരിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഒരു നോഡൽ ഓഫീസറിനെ ആശുപത്രികൾ നിയമിക്കണം.
Advertisement
Advertisement