മഴക്കെടുതിയിൽ കൃഷിനാശം ഏറെ: ലോക്ക് ഡൗണിൽ അ‌ടഞ്ഞ് കൃഷിഭവനുകൾ

Wednesday 19 May 2021 11:07 PM IST

കോഴഞ്ചേരി: മഴയുടെ അളവ് കുറഞ്ഞെങ്കിലും മഴക്കെടുതി തുടരുന്ന ജില്ലയിൽ കർഷകർക്ക് ആശ്വാസമേകേണ്ട കൃഷിഭവനുകൾ ലോക്ക് ഡൗൺ മൂലം തുറക്കാത്തത് ബുദ്ധിമുട്ടായി.

കൃഷിനാശവും കാർഷിക പ്രതിസന്ധിയും കണക്കിലെടുത്ത് കൃഷിഭവനുകളുടെ പ്രവർത്തനം പുനരാരംഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

ധനസഹായം , നഷ്ടപരിഹാര വിതരണം, മഴക്കെടുതികളുടെ കണക്കെടുപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തേണ്ട സമയത്താണ് ലോക് ഡൗൺ നിയന്ത്രണങ്ങൾ കൃഷിഭവനുകളെയും ബാധിച്ചത്.

കഴിഞ്ഞവർഷം വിത്തുവിതരണം കാര്യക്ഷമമായി നടന്ന സമയമായിരുന്നു ഇത്. മഴക്കെടുതിയിലും വന്യ മൃഗ ശല്യത്തിലും കൃഷിനാശം സംഭവിച്ചവർക്ക് നാമമാത്രമായെങ്കിലും നഷ്ടപരിഹാരം ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ വന്യമൃഗശല്യം കൂടുകയും മഴയിൽ വൻതോതിൽ കൃഷി നാശമുണ്ടാകുകയും ചെയ്തപ്പോഴും കൃഷിഭവനുകൾ അടഞ്ഞുതന്നെ കിടപ്പാണ്.

പട്ടികവർഗ വികസനം, പൊതുമരാമത്ത് എന്നിവ അവശ്യസേവന വിഭാഗങ്ങളായി പ്രഖ്യാപിച്ചതുപോലെ കൃഷിഭവനുകളുടെ പ്രവർത്തനം പുനരാരംഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷകൾ നൽകാമെങ്കിലും അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നില്ല. ഓൺലൈനിൽ സ്വന്തമായി അപേക്ഷനൽകാൻ മിക്ക കർഷകർക്കും പരിചയമില്ല.

25 ശതമാനം ഉദ്യോഗസ്ഥരെ ഉപയോഗിച്ചെങ്കിലും ഓഫീസുകൾ പ്രവർത്തിപ്പിക്കാനായാൽ കൂടുതൽ സഹായകരമാകുമെന്നാണ് കർഷകരുടെ അഭിപ്രായം

മഴയിൽ 6 കോടിയുടെ നഷ്ടം

കനത്ത മഴയിൽ ജില്ലയിലെ കാർഷിക മേഖലയ്ക്കുണ്ടായത് 6 കോടി രൂപയുടെ നഷ്ടമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. താഴ്ന്ന പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം പൂർണമായും പിൻവലിഞ്ഞെങ്കിൽ മാത്രമേ നഷ്ടങ്ങളുടെ പൂർണചിത്രം ലഭ്യമാകു. കൂടുതൽ നഷ്ടം സംഭവിച്ചത് നെൽകർഷകർക്കാണ്. കൊയ്യാറായതും കൊയ്ത്ത് നടത്തിയതുമായ 150 ഹെക്ടർ പാടം ഇപ്പോഴും വെള്ളത്തിലാണ്. ഓണവിപണി ലക്ഷ്യമിട്ട് നട്ട 50000 ഏത്തവാഴകൾ നശിച്ചു. കാറ്റിൽ വീണ റബർ മരങ്ങൾ, വെറ്റിലക്കൊടികൾ, പച്ചക്കറിത്തോട്ടങ്ങൾ എന്നിവ വേറെ .

" കൃഷി നാശം സംഭവിച്ച പ്രദേശങ്ങളിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി കർഷകരിൽ നിന്ന് പരാതി സ്വീകരിച്ചു വരുന്നുണ്ട്. പരാതി നൽകാൻ മൊബൈൽ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടം വിലയിരുത്തിവരുന്നു "

( അനിലാ മാത്യു, പ്രിൻസിപ്പൽ കൃഷി ഓഫിസർ, പത്തനംതിട്ട )

Advertisement
Advertisement