പി.സി. ചാക്കോയ്‌ക്ക് എൻ.സി.പിയിൽ പല ദൗത്യങ്ങൾ

Thursday 20 May 2021 12:26 AM IST

കൊച്ചി:പി.സി. ചാക്കോയെ എൻ.സി.പി സംസ്ഥാന പ്രസിഡന്റാക്കുന്നതിൽ ദേശീയ നേതൃത്വത്തിന് ലക്ഷ്യം പലതാണ് - യു.ഡി.എഫിലെ അതൃപ്തരെ പാർട്ടി പാളയത്തിൽ എത്തിക്കുക. സംസ്ഥാന ഘടകത്തിലെ ചേരിപ്പോരിന് തടയിടുക.

എൽ.ഡി.എഫിന് തുടർഭരണം ലഭിച്ച സാഹചര്യത്തിൽ പാർട്ടിയുടെ വളർച്ചയും ഉറപ്പാക്കണം.

കോൺഗ്രസിൽ അര നൂറ്റാണ്ട് പ്രവർത്തിച്ച പി.സി. ചാക്കോയ്‌ക്ക് തിരഞ്ഞെടുപ്പ് പരാജയത്തോടെ നിരാശയിലായ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും എൻ.സി.പിയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കെ.പി.സി.സി ജനറൽ സെക്രട്ടറി സുരേഷ് ബാബു ഉൾപ്പെടെ രാജിവച്ച സാഹചര്യത്തിൽ കൂടുതൽ പേർ കോൺഗ്രസ് വിടുമെന്നാണ് സൂചന. വ്യക്തിബന്ധങ്ങൾ ഉപയോഗിച്ച് കൂടുതൽ പേരെ എൻ.സി.പിയിൽ എത്തിക്കുകയാണ് ചാക്കോയുടെ ദൗത്യം.
സംസ്ഥാന പാർട്ടിയിൽ ടി.പി. പീതാംബരനെയും എ.കെ. ശശീന്ദ്രനെയും പിന്തുണയ്ക്കുന്ന വിഭാഗങ്ങളുണ്ട്. ഗ്രൂപ്പ് വൈരങ്ങൾ അവസാനിപ്പിക്കണം. പവാർ കോൺഗ്രസ് വിട്ടെങ്കിലും ചാക്കോയുമായി സൗഹൃദം തുടർന്നിരുന്നു. പീതാംബരനെ ദേശീയ ജനറൽ സെക്രട്ടറിയാക്കി സംസ്ഥാനത്തെ പാർട്ടിയെ ചാക്കോയുടെ വരുതിയിലാക്കുകയാണ് ലക്ഷ്യം.

പി.സി. ചാക്കോ ഇന്ന് ചുമതലയേൽക്കും

എൻ.സി.പി സംസ്ഥാന പ്രസിഡന്റായി പി.സി. ചാക്കോ ഇന്ന് തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനത്ത് ചുമതലയേൽക്കും.തുടർന്ന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിലും പങ്കെടുക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ആണ് ചാക്കോയെ സംസ്ഥാന പ്രസിഡന്റാക്കണമെന്ന പവാറിന്റെ നിർദ്ദേശം അറിയിച്ചത്. ഇന്നലെ പവാർ പ്രഖ്യാപനം നടത്തി.
സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിയിൽ മാർച്ച് 10 നാണ് ചാക്കോ കോൺഗ്രസിൽ നിന്ന് രാജിവച്ചത്. മാർച്ച് 17ന് എൻ.സി.പിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു.

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻപോലും കഴിയാത്ത ദയനീയാവസ്ഥയിലാണ് കോൺഗ്രസ്. പുറത്തേക്ക് പലരും ഒഴുകും. അവരെ ഒപ്പം ചേർക്കാൻ പ്രവർത്തിക്കും. നിരവധി നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്

പി.സി. ചാക്കോ

കേരളകൗമുദിയോട്

Advertisement
Advertisement