കുട്ടികളിലെ കൊവിഡ്: വേങ്ങര മോഡൽ ആയുർവേദ ചികിത്സ ഫലപ്രദമെന്ന് പഠനം

Thursday 20 May 2021 3:43 AM IST

തൃശൂർ: കുട്ടികളിലെ കൊവിഡ് രോഗബാധ തടയാനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വേങ്ങര മോഡൽ ആയുർവേദ ചികിത്സാപദ്ധതി ഫലപ്രദമെന്ന് പഠനം. കോട്ടയ്ക്കൽ ആയുർവേദ പഠന ഗവേഷണ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പൊതുജനാരോഗ്യ ആയുർവേദ പരിപാടിയാണ് വേങ്ങര മോഡൽ. 2021 ഏപ്രിൽ മൂന്നുമുതൽ പത്ത് വയസ് വരെയുള്ള 385 കുട്ടികളിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന് വിധേരായ കുട്ടികളിൽ ആർക്കും ഇതുവരെ കൊവിഡ് പിടിപെട്ടിട്ടില്ലെന്ന് കോട്ടക്കൽ ആയുർവേദ കോളേജ് ശിശുരോഗ വിഭാഗം മേധാവി ഡോ. കെ.എസ്. ദിനേഷ് (എം.ഡി. ആയുർവേദ) പറഞ്ഞു. കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റിക്ക് കീഴിലാണ് കോട്ടയ്ക്കൽ ആയുർവേദ കോളേജും ആര്യവൈദ്യശാലയും പ്രവർത്തിക്കുന്നത്.


വേങ്ങര മോഡൽ : പരീക്ഷിച്ചത്

ഐസ്‌ക്രീം, ചോക്കലേറ്റ്, മിഠായികൾ, ബേക്കറി പലഹാരങ്ങൾ, തൈര്, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ ഒഴിവാക്കുക

പുതുതായുള്ള എണ്ണകൾ തലയിൽ പരീക്ഷിക്കാതിരിക്കുക, കുളി കഴിഞ്ഞ് 'രാസ്‌നാദി ചൂർണം' തലയിൽ തിരുമുക

3 വയസിനു മുകളിലുള്ളവർ 'രജന്യാദി ചൂർണം' രണ്ട് ഗ്രാം തേനിൽ ചാലിച്ച് ദിവസവും വൈകിട്ട് സേവിക്കുക

ഇഞ്ചിയോ തുളസിയോ ഇട്ട് തിളപ്പിച്ചാറിയ വെള്ളംകുടി ശീലമാക്കുക

ഇടയ്ക്കിടക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുന്ന ശീലം ഒഴിവാക്കുക. വിശക്കുമ്പോൾ മാത്രം ഭക്ഷണം കൊടുക്കുക

ആയുർവേദ ഡോക്ടറെ കണ്ട് അടുത്ത 3 മാസത്തേക്ക് ആയുർവേദ കൊവിഡ് പ്രതിരോധ മരുന്ന് കഴിക്കുക.

എള്ളെണ്ണ രണ്ടു വിരലിൽ എടുത്ത് ദിവസവും കുളിക്കുന്നതിന് മുൻപ് മൂക്കിൽ പുരട്ടുക

Advertisement
Advertisement