കൃഷ്ണൻകുട്ടി, പാലക്കാടിന്റെ മൂന്നാം വൈദ്യുതി മന്ത്രി

Friday 21 May 2021 12:36 AM IST

ചിറ്റൂർ: രണ്ടാം പിണറായി സർക്കാറിൽ മന്ത്രിയായി കെ.കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്തതോടെ ജില്ലയിൽ നിന്നുള്ള മൂന്നാമത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായി അദ്ദേഹം മാറി. മുമ്പ് ടി.ശിവദാസമേനോനും എ.കെ.ബാലനും വകുപ്പ് കൈകാര്യം ചെയ്തിരുന്നു.

കഴിഞ്ഞ മന്ത്രിസഭയിൽ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന രണ്ടര വർഷത്തിനിടെ സംസ്ഥാനത്തിന് പ്രയോജനപ്രദമായ നിരവധി വികസന പ്രവർത്തനങ്ങളാണ് വകുപ്പിൽ നടത്തിയത്. വൈദ്യുതി മന്ത്രി എന്ന നിലയിലും ഏറെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് ഏറ്റെടുത്ത് നടപ്പിലാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്.

ജലവിഭവ മന്ത്രി എന്ന നിലയ്ക്കും അതിന് മുമ്പും സംസ്ഥാനത്തുടനീളമുള്ള അണക്കെട്ടുകളെ സംബന്ധിച്ചും വൈദ്യുതി ഉല്പാദന ഘടകങ്ങളെ സംബന്ധിച്ചും മികച്ച പഠനം അദ്ദേഹം നടത്തിയിട്ടുണ്ട്. വൈദ്യുതി ലാഭിക്കാനുള്ള പ്രവർത്തനങ്ങളെ സംബന്ധിച്ചും കൃഷിയെ സംബന്ധിച്ചുമെല്ലാം തനതായ ഒരു കാഴ്ചപ്പാടിന് ഉടമയാണ് മികച്ച കർഷകൻ കൂടിയായ കൃഷ്ണൻകുട്ടി. ഏതൊരു വിഷയവും ആഴത്തിൽ പഠിക്കാനും പ്രാവർത്തികമാക്കാനും കഠിന പ്രയത്നം ചെയ്യുന്ന വ്യക്തിത്വമെന്ന നിലയിൽ വൈദ്യുതി വകുപ്പിലും പുതിയ കാഴ്ചപ്പാടുകളോടെ പ്രവർത്തന മികവ് തെളിയിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

പുതിയ സർക്കാറിൽ മന്ത്രി എന്ന നിലയിൽ ഇത്തവണ ജില്ലയിൽ നിന്ന് കൃഷ്ണൻകുട്ടി മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ജില്ലയെ പ്രതിനിധീകരിച്ചുള്ള ചുമതലകളും അദ്ദേഹത്തിൽ നിക്ഷിപ്തമാകും. വൈദ്യുതി വകുപ്പിൽ നിന്ന് സാധാരണക്കാർക്കും മറ്റു മേഖലകളിലും മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ വേണ്ട എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു.

Advertisement
Advertisement