ഭീഷണിയായി ബ്ലാക്ക് ഫംഗസ്

Friday 21 May 2021 12:02 AM IST

പകർച്ചവ്യാധിയല്ല,​ കരുതൽ മതി

കോഴിക്കോട്: കൊവിഡിനൊപ്പം ഭീഷണിയായി ബ്ലാക്ക് ഫംഗസും. കൊവിഡ് ബാധിതരിലും നെഗ​റ്റീവായവരിലും വലിയ തോതിൽ ഫംഗസ് ബാധ കണ്ടെത്തിയത് ആശങ്ക ഉയർത്തിയിട്ടുണ്ട്. കൈവിരലുകൾക്കിടയിൽ, കാലിൽ, തൊലിപ്പുറത്ത് എന്നിവിടങ്ങളിലാണ് ഫംഗസ് ബാധ കണ്ടെത്തുന്നത്. തലച്ചോറിലും ശരീരത്തിലെ മ​റ്റ് അവയവങ്ങളേയും ബാധിക്കുമ്പോഴാണ് ഇവ അപകടകാരിയാവുന്നത് . തലച്ചോറിലുണ്ടാകുന്ന ബ്ലാക്ക് ഫംഗസ് കാഴ്ച നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.

ആറു മാസത്തിനിടെ ബ്ലാക്ക് ഫംഗസ് ബാധിച്ച് പൂർണമായി കാഴ്ചപോയ 4 പേരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി ഇവരുടെ ഓരോ കണ്ണുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കൊവിഡ് നെഗറ്റീവായിരുന്നെങ്കിലും ഇവർക്ക് നേരത്തെ കൊവിഡ് വന്നിട്ടുണ്ടാകാമെന്നാണ് ഡോക്ടർമാരുടെ നിഗമനം. നിലവിൽ കൊവിഡ് രോഗികളായ ഏഴ് പേർ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുണ്ട്. ഇതിൽ 2 പേർ കോഴിക്കോടും 4 പേർ മലപ്പുറവും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്. ഇവരിൽ 5 പേർക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു രോഗിയുടെ മൂക്കിന്റെ വശത്തു നിന്ന് ബ്ലാക്ക് ഫംഗസ് ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു.

എന്തുകൊണ്ട് ബ്ലാക്ക് ഫംഗസ്
കൊവിഡ് ചികിത്സയുടെ ഭാഗമായി സ്റ്റിറോയിഡ് മരുന്നുകളുടെ അമിത ഉപയോഗത്തിലൂടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് ബ്ലാക്ക് ഫംഗസ് പിടിപെടുന്നതിന് പ്രധാന കാരണം. സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിച്ചില്ലെങ്കിൽ അത് ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യും. അതിനാൽ സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുന്നതിനൊപ്പം പ്രമേഹം നിയന്ത്രിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്കിടെ പ്രതിരോധ ശക്തി കുറയുമ്പോഴാണ് ബ്ലാക്ക് ഫംഗസ് ഉണ്ടാകുന്നത്. മൂക്കിന്റെ വശങ്ങളിലെ സയിനസുകളിലാണ് ഇത് കാണുന്നത്. തക്കസമയം ചികിത്സ നൽകിയില്ലെങ്കിൽ തലയോട്ടിയിലേക്കും കണ്ണിലേക്കും ബാധിക്കാൻ സാധ്യത ഏറെയാണ്. മ്യൂകോർമൈകോസിസ് എന്നറിയപ്പെടുന്ന രോഗം പകരില്ലെന്നതിനാൽ പകർച്ചവ്യാധി ഭയം വേണ്ട.

ശ്രദ്ധിക്കേണ്ടവ

കൊവിഡ് ബാധിച്ച് ഐ.സി.യുവിൽ കഴിയുന്നവരുടെ മൂക്കിൽ കറുത്ത പാടുകൾ ഉണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കണം. തുടക്കത്തിൽ കണ്ടെത്തിയില്ലെങ്കിൽ രക്തയോട്ടം കുറഞ്ഞ് കവിളുകൾ ഉൾപ്പെടെ കറുത്ത നിറമാകും. രക്തക്കുഴലുകൾ അടഞ്ഞ് അവിടേക്ക് മരുന്ന് എത്താതെ വരുമ്പോഴാണ് ശസ്ത്രക്രിയ നടത്തേണ്ടി വരുന്നതെന്ന് ഗവ. മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗം മേധാവി ഡോ. കെ.പി.സുനിൽകുമാർ പറഞ്ഞു.
കൊവിഡ് ബാധിതർ മൂക്കിന് അകത്ത് കറുപ്പുണ്ടോയെന്നും പരിശോധിക്കണം. പഴുപ്പ് ഉടനെ എടുത്തുമാറ്റിയില്ലെങ്കിൽ തലച്ചോറിലേക്ക് ബാധിക്കും. പലരും രോഗം മൂർച്ചിച്ച് കണ്ണിന് പൂപ്പൽ ബാധയേറ്റ് കാഴ്ച കുറഞ്ഞതിനുശേഷമാണ് ചികിത്സ തേടിയെത്തുന്നത്. പ്രമേഹ പരിശോധന ഇടയ്ക്കിടെ നടത്തുന്നത് നല്ലതാണ്.

ലക്ഷണങ്ങൾ

1. മൂക്കടപ്പ്, ശ്വാസ തടസം
2. വേദനയോടെ മങ്ങിയ കാഴ്ച
3. മൂക്കിന് ചുറ്റും വേദനയും ചുവപ്പും
4.താടിയെല്ല്, മുഖം എന്നിവിടങ്ങളിൽ വീക്കം,​ വേദന
5. ചർമ്മം കറുത്ത നിറമാകുക

Advertisement
Advertisement