സത്യപ്രതിജ്ഞയ്ക്ക് സുബൈദ എത്തി, സന്തോഷം അശ്രുപുഷ്പങ്ങളായി

Thursday 20 May 2021 9:19 PM IST

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സ്ഥാനാരോഹണം നേരിട്ടു കണ്ടപ്പോൾ സുബൈദ ഉമ്മയുടെ കണ്ണു നിറഞ്ഞു. ഒരു മന്ത്രിയെപ്പോലും ഇന്നോളം നേരിട്ടു കാണാൻ കഴിയാത്ത തനിക്ക് ജീവിതത്തിൽ കിട്ടിയ മഹാഭാഗ്യമാണിതെന്ന ഓർമ്മയിൽ അശ്രുപുഷ്പങ്ങളായി മിഴിയിൽ സന്തോഷം നിറഞ്ഞു.ഉപജീവനമാർഗമായ ആടുകളെ വിറ്റ് രണ്ടുതവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സുബൈദ ഉമ്മ ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വി.വി.ഐ.പി പരിഗണനയിലാണ് എത്തിയത്. ഉച്ചയ്‌ക്ക് ഒന്നരയോടെ സദസിലെത്തിയ സുബൈദയെ കണ്ടതും നിയുക്ത എം.എൽ.എ മാരടക്കമുള്ളവർ അടുത്തെത്തി. 'ഉമ്മാ ഒരു ഫോട്ടോ എടുത്തോട്ടെ ' എന്ന് എം.എൽ.എ മാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമടക്കം ചോദിച്ചപ്പോൾ ഉമ്മയുടെ മുഖം നാണംകൊണ്ട് ചുവന്നു. 'എടുത്തോളൂ മോനെ' എന്ന് പറഞ്ഞ് ഫോട്ടോയ്ക്കായി ചിരിച്ചുനിന്നു. പലരും ഒപ്പംനിന്ന് സെൽഫിയെടുത്തു. ഉമ്മയുടെ കാരുണ്യത്തെക്കുറിച്ച് നല്ലവാക്കുകൾ പറഞ്ഞ പലരും വീട്ടിലേക്കു ക്ഷണിച്ചു, ചിലർ ഉമ്മയുടെ വീട്ടിൽ ഒരു ദിവസം വരുമെന്ന് പറഞ്ഞു. ഇനിയും ഇതുപോലുള്ള സഹായം ചെയ്യുമോ എന്ന് ചോദിച്ചവരോടെല്ലാം ഉറപ്പായും ചെയ്യുമെന്ന് മറുപടി.സത്യപ്രതിജ്ഞയ്ക്കു തൊട്ടുമുൻപ് മുഖ്യമന്ത്രി സദസിലുള്ളവരുടെ അടുത്തെത്തിയപ്പോൾ സുബൈദഉമ്മയുടെ സമീപത്തും എത്തി. തന്നെനോക്കി തൊഴുകൈയോടെ ചിരിച്ച് അഭിവാദ്യം ചെയ്തപ്പോൾ മനം നിറഞ്ഞു. മുഖ്യമന്തിയുടെ ഒപ്പംനിന്ന് ഒരു ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നെങ്കിലും നടന്നില്ല. ചടങ്ങിനുശേഷം പുറത്തിറങ്ങിയ ഉമ്മയോട്, ഉടനെ മന്ത്രിസഭായോഗം ഉള്ളതിനാൽ ഓഫീസിലെത്തി കാണാൻ കഴിയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇനിയൊരിക്കൽ മുഖ്യമന്ത്രിയെ നേരിട്ട് കാണാമെന്ന പ്രതീക്ഷയിലാണ് സുബൈദ. മരുമകൻ സുധീറിന്റെ സുഹൃത്ത് നൽകിയ കാറിലാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. മകൾ നിസയും സുധീറും ഒപ്പം വന്നെങ്കിലും അവർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

Advertisement
Advertisement