'അക്വേറിയം' സിനിമ തടയണമെന്ന ഹർജി തള്ളി തീരുമാനം വാർത്താവിതരണ മന്ത്രാലയത്തിന് വിട്ടു

Friday 21 May 2021 12:00 AM IST

ന്യൂഡൽഹി :കന്യാസ്ത്രീകളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് അക്വേറിയം എന്ന മലയാള സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി.വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര വാർത്താവിതരണ മന്ത്രാലയ സെക്രട്ടറിക്ക് അനുമതി നൽകി. വോയ്‌സ് ഒഫ് നൺസ് കൂട്ടായ്മ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ഡി.എൻ.പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് തള്ളിയത്.ദേശീയപുരസ്‌കാര ജേതാവായ ടി.ദീപേഷാണ് സംവിധായകൻ. 'പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും' എന്ന പേരിൽ 2013 ൽ തയ്യാറാക്കിയ ചിത്രത്തിന് നേരത്തെ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. രണ്ടുതവണത്തെ സെൻസർ ബോർഡ് വിലക്കുകൾ മറികടന്നാണ് ചിത്രം 'അക്വേറിയം' എന്ന പേരിൽ പ്രദർശനത്തിനൊരുങ്ങിയത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ മേയ് 14നാണ് റിലീസ് നിശ്ചയിച്ചിരുന്നത്. വോയ്‌സ് ഒഫ് നൺസ് സമർപ്പിച്ച റിട്ട് ഹർജിയെത്തുടർന്ന് ഈ മാസം 12ന് സിനിമയുടെ ഒ.ടി.ടി. റിലീസ് പത്ത് ദിവസത്തേക്ക് കോടതി സ്‌റ്റേ ചെയ്തതിരുന്നു.ചിത്രത്തിന്റെ ട്രെയ്‌ലറും റിലീസ് ഡേറ്റും പ്രഖ്യാപിച്ചതോടെയാണ് കന്യാസ്ത്രീകളുടെ കൂട്ടായ്മ നിയമപരമായി നീങ്ങാൻ തീരുമാനിച്ചത്.

Advertisement
Advertisement