കുഴൽപ്പണക്കവർച്ച: മുഖ്യപ്രതികളിൽ ഒരാളുടെ ഭാര്യ അറസ്റ്റിൽ

Friday 21 May 2021 1:46 AM IST

തൃശൂർ: കൊടകരയിൽ വാഹനാപകടം ഉണ്ടാക്കി 25 ലക്ഷം രൂപയും കാറും തട്ടിയെന്ന കേസിൽ, മുഖ്യപ്രതികളിൽ ഒരാളായ രഞ്ജിത്തിന്റെ ഭാര്യ കോടാലി വല്ലത്ത് ദീപ്തിയെ (34) അറസ്റ്രു ചെയ്തു. ഭർത്താവ് രഞ്ജിത് പിടിയിലാകുമെന്ന് ഉറപ്പായ സമയത്ത് കൈമാറിയ രൂപ കൈവശം വയ്ക്കുകയും കവർച്ചപ്പണം ആണെന്നറിഞ്ഞ് ഒളിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.

രഞ്ജിത്തിന്റെ വെള്ളാങ്ങല്ലൂർ വെളിയനാടുള്ള വീടിന്റെ പലയിടങ്ങളിൽ നിന്നും ദീപ്‌തിയുടെ പക്കൽ നിന്നുമായി 11.96 ലക്ഷം രൂപയാണ് അന്വേഷണ സംഘം കഴിഞ്ഞദിവസം കണ്ടെടുത്തത്.
ഇതോടെ കേസിൽ മൊത്തം കണ്ടെത്തിയത് ഒരു കോടിയോളം രൂപയായി. ഇനിയും പണം കണ്ടെത്താനുണ്ടെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. കേസിൽ 19 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. കേസ് അന്വേഷണത്തിനായി പുതുതായി രൂപീകരിച്ച സംഘം ആറ് പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. നാല് പേരെ ജയിലിൽ വെച്ചും ചോദ്യം ചെയ്തു. മൂന്ന് പ്രതികൾക്ക് കൊവിഡ് ആയതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല.

അഞ്ച് പ്രതികളെ മുൻപ് കേസ് അന്വേഷിച്ച സംഘം ചോദ്യം ചെയ്തിരുന്നു. ബാക്കി തുക കണ്ടെത്താനും കേസിലെ രാഷ്ട്രീയ ബന്ധം അന്വേഷിക്കാനുമുള്ള ശ്രമത്തിലാണ് പൊലീസ്. തിരഞ്ഞെടുപ്പിന്റെ അവസാന സമയത്ത് ചെലവഴിക്കാൻ ദേശീയ പാർട്ടി കൊടുത്തുവിട്ട 3.5 കോടി രൂപയാണ് അപഹരിക്കപ്പെടതെന്ന് എറെക്കുറെ വ്യക്തമായിക്കഴിഞ്ഞു.

Advertisement
Advertisement