'ഗ്രൂപ്പ് രാഷ്‌ട്രീയം കോൺഗ്രസിന്റെ അടിത്തറ തകർത്തു; കേരളത്തിലെ പ്രവർത്തകർ തരിപ്പണമായി' ശക്തമായ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

Friday 21 May 2021 3:44 PM IST

തിരുവനന്തപുരം: ഗ്രൂപ്പ് രാഷ്‌ട്രീയം സംസ്ഥാനത്ത് കോൺഗ്രസിന്റെ അടിത്തറ തകർത്തെന്ന് കാസർകോട് എം.പിയും കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. തിരഞ്ഞെടുപ്പിനെ തുടർന്ന് 'കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ തകർന്ന് തരിപ്പണമായിരിക്കുകയാണ്. അവരെ കൂടുതൽ ക്ഷീണിപ്പിക്കേണ്ട എന്ന് കരുതിയാണ് ഇത്രനാൾ മിണ്ടാതിരുന്നത്.' ഉണ്ണിത്താൻ പറഞ്ഞു.

കോൺഗ്രസിന് സമസ്‌ത മേഖലകളിലും മാ‌റ്റം അനിവാര്യമാണ്. പക്ഷെ പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രശ്‌നം. ഇത് പറയാൻ ആർക്കും ധൈര്യമില്ല. പാർട്ടിയോട് കൂറും ആത്മാർത്ഥതയുമുള‌ള പുതു തലമുറ വളർന്നുവന്നില്ലെങ്കിൽ കേരളത്തിന്റെ അവസാന കോൺഗ്രസ് മുഖ്യമന്ത്രിയായിരിക്കും ഉമ്മഴചാണ്ടിയെന്ന് ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.

പാർട്ടിയിൽ ഗുണപരമായ മാ‌റ്റം ഉണ്ടായില്ലെങ്കിൽ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിക്ക് കേരളത്തിൽ ഒരു ഘടകമുണ്ടായിരുന്നെന്ന് ചരിത്രത്തിൽ എഴുതേണ്ടി വരുമെന്നും ഉണ്ണിത്താൻ പറഞ്ഞു. സ്വയം മാ‌റ്റത്തിന് എല്ലാവരും വിധേയരാകണം.

തിരഞ്ഞെടുപ്പിന് ശേഷം രണ്ടാഴ്‌ച പിന്നിട്ടിട്ടും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ കഴിയാതെ പാർട്ടിയിൽ തർക്കം തുടരുകയാണ്. എല്ലാവരുടെയും പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തലയും വി.ഡി സതീശനും അവകാശപ്പെടുന്നുണ്ട്. ഹൈക്കമാന്റ് പ്രതിനിധികളെത്തിയിട്ടും പ്രശ്‌ന പരിഹാരം സാദ്ധ്യമായിട്ടില്ല. ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവാകാൻ ഉമ്മൻചാണ്ടി കടുത്ത സമ്മ‌ർദ്ദം കേന്ദ്ര നേതൃത്വത്തിൽ ചെലുത്തുന്നുണ്ട്. എന്നാൽ യുവ എം.എൽ.എമാർക്ക് ഉൾപ്പടെ ഇക്കാര്യത്തിൽ വ്യത്യസ്‌ത അഭിപ്രായമുണ്ട്.

പ്രതിപക്ഷ നേതാവിന് പുറമേ പാർട്ടി അദ്ധ്യക്ഷനെ മാ‌റ്റാനും തീരുമാനമെടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ല. ഇത് പാർട്ടി അകപ്പെട്ടിരിക്കുന്ന സംഘടനാപരമായ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഈ പ്രശ്‌നങ്ങളിലെ ശക്തമായ അമർഷമാണ് ഉണ്ണിത്താൻ ഉൾപ്പടെ പല മുതിർന്ന നേതാക്കളും പ്രതികരിക്കാൻ ഇടയാക്കിയിരിക്കുന്നത്.