ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാൻ നിർദ്ദേശം

Friday 21 May 2021 7:24 PM IST

തിരുവനന്തപുരം: കനത്ത മഴയുടെ സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയരുന്നത് തടയാൻ വേണ്ട മുൻകരുതൽ സ്വീകരിക്കാൻ കെ.എസ്.ഇ.ബിക്കും ജലസേചന വകുപ്പിനും സർക്കാർ നിർദേശം നൽകി.

വലിയ ഡാമുകളിലെ ജലനിരപ്പ് 3 ദിവസം കൂടുമ്പോൾ വിലയിരുത്താനും. 10 ദിവസം കൂടുമ്പോൾ അവലോകനം ചെയ്യാനും ചീഫ് സെക്രട്ടറി വി.പി.ജോയി വിളിച്ച യോഗം തീരുമാനിച്ചു.ഇപ്പോൾ ശരാശരിയേക്കാൾ വെള്ളമുണ്ടെന്നും, ജൂണിൽ തുടങ്ങുന്ന കാലവർഷത്തിൽ പതിവിലേറെ മഴ ലഭിച്ചാൽ വലിയ ഡാമുകളിൽ സംഭരിക്കാനാകുമെന്നാണ് വിലയിരുത്തൽ. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ അതിതീവ്ര മഴ പെയ്താൽ മുൻവർഷങ്ങളിൽ ചെയ്തതു പോലെ ഡാമുകളിൽ നിന്നു വൻതോതിൽ വെള്ളം തുറന്നു വിടാതിരിക്കാൻ ജലനിരപ്പ് നിയന്ത്രിച്ചു നിറുത്തണം.ഡാമുകളിലെ ജലനിരപ്പു കുറയ്ക്കുന്നതിന് വൈദ്യുതി ഉത്പാദനം കൂട്ടാൻ ശ്രമിച്ചെങ്കിലും ,കനത്ത മഴയിൽ പുഴയോരങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനാൽ പ്രാദേശികമായ എതിർപ്പുണ്ടെന്നു കെ.എസ്.ഇ.ബി അധികൃതർ ചൂണ്ടിക്കാട്ടി.

കെ.എസ്.ഇ.ബിയുടെ തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 418.8 മീറ്ററായതിനാൽ വെള്ളം തുറന്നു വിടാനുള്ള രണ്ടാം ഘട്ട ഓറഞ്ച് മുന്നറിയിപ്പും, ഇടുക്കി പൊന്മുടി ഡാമിൽ 704.95 മീറ്ററായതിനാൽ ഒന്നാംഘട്ട നീല മുന്നറിയിപ്പും നൽകി. പ്രളയമുണ്ടായ 2018 നെ അപേക്ഷിച്ച് ജലനിരപ്പ് കൂടുതലാണെങ്കിലും ഇടുക്കി, ഇടമലയാർ, കക്കി, ബാണാസുര അണക്കെട്ടുകളിൽ വെള്ളം തുറന്നു വിടേണ്ട സാഹചര്യമില്ല. ജലസേചന വകുപ്പിൻെറ 13 ഡാമുകളിൽ മുൻകരുതലിൻെറ ഭാഗമായി വെള്ളം പുറത്തേക്കൊഴുക്കുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Advertisement
Advertisement