ബാർജ് ദുരന്തം:3 മലയാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

Friday 21 May 2021 8:34 PM IST

കൊല്ലം/വടക്കാഞ്ചേരി/സുൽത്താൻ ബത്തേരി:

ടൗക്‌തേ ചുഴലിക്കാറ്റിൽ മുംബയ്ക്ക് സമീപം അറബിക്കടലിൽ ബാർജ് മുങ്ങി മരിച്ച മലയാളികൾ അഞ്ചായി. കൊല്ലം, ശക്തികുളങ്ങര പുത്തൻതുരുത്ത് ഡാനി ഡെയിലിൽ ആന്റണി എഡ്വിൻ (27), തൃശൂർ വടക്കാഞ്ചേരി ആര്യംപാടം പുതുരുത്തി മുനപ്പി വീട്ടിൽ അർജ്ജുനൻ (38), വയനാട് സുൽത്താൻ ബത്തേരി മുപ്പൈനാട് വടുവഞ്ചാൽ കല്ലികെണി വളവിൽ സുമേഷ് (31) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്.വയനാട് പള്ളിക്കുന്ന് സ്വദേശി ജോമിഷ് ജാേസഫ്, കോട്ടയം പൊൻകുന്നം സ്വദേശി സസിൻ ഇസ്മയിൽ എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം നാവിക സേന കണ്ടെത്തിയിരുന്നു. മൊത്തം 51 മൃതദേഹങ്ങൾ കണ്ടെത്തി.

അപകടത്തിൽപ്പെട്ട മുപ്പത് മലയാളികളിൽ 22പേരെ രക്ഷപ്പെടുത്തിയിരുന്നു. മൂന്നുപേർക്കായി തെരച്ചിൽ തുടരുകയാണ്. 24പേരെ ഇനിയും കണ്ടെത്താനുണ്ട്.എണ്ണഖനനം നടത്തുന്ന ഒ.എൻ.ജി.സിയുടെ റിഗ്ഗിന് സമീപം അതുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി കരാർ കമ്പനിയുടെ ബാർജിൽ തങ്ങിയിരുന്നവരാണ് ദുരന്തത്തിനിരയായത്. ചുഴലിക്കാറ്റിൽ മുങ്ങിയ ആഫ്കോൺ കമ്പനിയുടെ ബാർജിലെ മെക്കാനിക്കൽ സൂപ്പർവൈസറായിരുന്നു കൊല്ലം സ്വദേശിയായ ആന്റണി എഡ്വിൻ. മത്സ്യത്തൊഴിലാളിയായ എഡ്വിന്റെയും വിമലയുടെയും മകനാണ്.നാലുവർഷം മുമ്പാണ് മുംബയിൽ എത്തിയത്. രണ്ടുവർഷം മുമ്പ് നാട്ടിൽ വന്നശേഷം തിരികെയെത്തിയാണ് ആഫ്കോൺ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. അപകടമുണ്ടായ തിങ്കളാഴ്ച രാവിലെ വീട്ടിൽ വിളിച്ച്, ചുഴലി മുന്നറിയിപ്പ് ഉണ്ടെന്നും പ്രാർത്ഥിക്കണമെന്നും പറഞ്ഞിരുന്നു. മൃതദേഹം ഇന്ന് വിമാനമാർഗം നാട്ടിലെത്തിക്കും. ശക്തികുളങ്ങര സെന്റ് മേരീസ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ.ചാൾസും ഡാനിയും സഹോദരങ്ങളാണ്.

ദുരന്തത്തിൽ മരിച്ച വടക്കാഞ്ചേരി സ്വദേശി അർജ്ജുനൻ എട്ടുവർഷമായി ഒ.എൻ.ജി.സിയിലെ സേഫ്ടി ഓഫീസറായിരുന്നു. തങ്കപ്പനും ചന്ദ്രികയുമാണ് മാതാപിതാക്കൾ.പശ്ചിമ ബംഗാളിൽ ആർ.പി.എഫ്. ഉദ്യോഗസ്ഥയും ആലപ്പുഴ സ്വദേശിനിയുമായ ആതിരയാണ് ഭാര്യ. ഒന്നരവർഷം മുമ്പായിരുന്നു വിവാഹം. അപകടം അറിഞ്ഞ് ആതിര ഭർത്താവിന്റെ വീട്ടിലെത്തി.മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് വിവരം ലഭിച്ചു.ഡൽഹി ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസ് കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച സുൽത്താൻ ബത്തേരി മുപ്പൈനാട് വടുവഞ്ചാൽ സ്വദേശി സുമേഷ്. മേലെ വെള്ളേരി സുധാകരൻ -ദേവയാനി ദമ്പതികളുടെ മകനാണ്. ഭാര്യ: ദൃശ്യ. സഹോദരൻ: സുഭാഷ്.

ആ നിറചിരി മാഞ്ഞത് ഉൾക്കൊള്ളാനാവാതെ...

കല്പറ്റ: ബാർജ് അപകടത്തിൽ സുമേഷും പെട്ടെന്ന് അറിഞ്ഞപ്പോഴും അവൻ രക്ഷപ്പെടുമെന്ന പ്രതീക്ഷയായിരുന്നു അടുത്ത കൂട്ടുകാർക്കൊക്കെയും. ജീവിതത്തിൽ ഒന്നും തടസ്സമായി കാണാതെ മുന്നോട്ടു കുതിച്ചിരുന്ന സുമേഷ് ഇത്തവണയും രക്ഷയുടെ കച്ചിത്തുരുമ്പിൽ പിടിച്ചുകയറി വരുമെന്നുള്ള വലിയ പ്രതീക്ഷ പക്ഷേ, അസ്ഥാനത്തായി. നിറചിരിയോടെയല്ലാതെ സുമേഷിനെ പൊതുവെ കാണാറില്ല. ആ ചിരി ഇനിയില്ലെന്ന സത്യം ഉൾക്കൊള്ളാനാവുന്നില്ല ഉറ്റവർക്ക്.

ചുഴലിക്കാറ്റിനിടെ മുംബയിൽ തകർന്ന ബാർജിൽ നിന്നു കടലിൽ വീണപ്പോൾ നീന്തി രക്ഷപ്പെടാൻ ശ്രമിച്ചവരിൽ സുമേഷുമുണ്ടായിരുന്നു. എന്നാൽ, നാവികസേനയുടെ കപ്പലിനടുത്തേക്ക് നീന്തി എത്താനാവാതെ കാലുകൾ തളർന്ന് മുങ്ങിപ്പോയി.

കൂലിപ്പണിക്കാരനായ അച്ഛന്റെയും തയ്യൽ തൊഴിലാളിയായ അമ്മയുടെയും കഷ്ടപ്പാടുകൾ കണ്ട് ചെറുപ്പത്തിൽ തന്നെ മണൽ വാരാനും ചോല വെട്ടാനും കാപ്പി പറിക്കാനുമെല്ലാം പോയാണ് സുമേഷ് പഠിക്കാനുള്ള വക ഒപ്പിച്ചുകൂട്ടിയത്. ഉപരിപഠനം തിരുവനന്തപുരത്തായിരുന്നു. അതു കഴിഞ്ഞ് മുംബയിൽ ജോലിയായി.

അപ്പോഴും നാട്ടിലെ ചങ്ങാതിക്കൂട്ടവുമായി അടുത്ത ബന്ധം തന്നെയായിരുന്നു. വടുവഞ്ചാൽ യുവശക്തി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ആവുന്ന സാമ്പത്തിക സഹായം എത്തിക്കാറുമുണ്ട്. ക്ലബ്ബിന്റെ ഫുട്ബാൾ താരം കൂടിയായിരുന്ന സുമേഷ് നാട്ടിലുള്ളപ്പോൾ എല്ലാറ്റിനും മുന്നിലുണ്ടാകും. ഈ മാസം 16 ന് നാട്ടിൽ എത്തുമെന്ന് പറഞ്ഞതായിരുന്നു അവൻ. പിന്നെ വിളിച്ചപ്പോൾ പറഞ്ഞു, പണിത്തിരക്കുണ്ടെന്നും പെട്ടെന്ന് നാട്ടിലേക്ക് വരാനാവില്ലെന്നും.

സുമേഷിന്റെ ഭാര്യ ദൃശ്യ വട്ടത്തുവയൽ ഹോസ്പിറ്റലിൽ നഴ്സാണ്. സഹോദരൻ സുഭാഷ് മുട്ടിൽ ഹുണ്ടായ് ഷോറൂമിലെ ജീവനക്കാരനും.

Advertisement
Advertisement