കൊവിഡ് പ്രതിരോധം : കോന്നിയിലും തണ്ണിത്തോട്ടിലും അടിയന്തരയോഗം ചേർന്നു

Saturday 22 May 2021 12:01 AM IST
കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കോന്നിയിൽ ചേർന്ന അവലോകന യോഗം

കോന്നി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കോന്നി , തണ്ണിത്തോട് പഞ്ചായത്തുകളിൽ അടിയന്തര യോഗം ചേർന്നു. രോഗികളുടെ എണ്ണവും, ടി.പി.ആറും ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് എം.എൽ.എ യോഗം വിളിച്ചത്.

കോന്നി പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. താലൂക്ക് അശുപത്രിയിലെ വാക്‌സിനേഷൻ കേന്ദ്രം സ്ഥലപരിമിതി മൂലം റിപ്പബ്ലിക്കൻ സ്‌കൂളിലേക്ക് മാ​റ്റാൻ തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് രോഗം വന്നാൽ പ്രത്യേകം മാ​റ്റി സംരക്ഷണം ഒരുക്കണം.
വാർഡ്തല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും തീരുമാനമായി.
തണ്ണിത്തോട്ടിൽ ചേർന്ന യോഗത്തിൽ മണ്ണീറ കൊവിഡ് സെന്റർ ഡൊമിസിലറി കെയർ സെന്ററാക്കി മാ​റ്റി 24 മുതൽ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗം ചേരും. ആംബുലൻസ് ഉൾപ്പടെ 5 വാഹനം യാത്രയ്ക്കായി പഞ്ചായത്ത് ക്രമീകരിക്കണം. സമൂഹ അടുക്കള ഉടൻ ആരംഭിക്കാനും തീരുമാനമായി. വോളന്റിയർമാർക്ക് ബാഡ്ജ് നല്കി സേവനത്തിനിറക്കും. പഞ്ചായത്തിന്റെ ഭാഗത്ത് നല്ല ജാഗ്രത ഉണ്ടാകണമെന്നും, വീഴ്ച ഉണ്ടായാൽ സ്ഥിതി അപകടകരമായി മാറുമെന്നും എം.എൽ.എ പറഞ്ഞു.
ഡെപ്യൂട്ടി കളക്ടർ ജസ്സിക്കുട്ടി, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ എസ്.ശ്രീകുമാർ ,കോന്നി തഹസീൽദാർ എ.എസ്.നസിയ, പഞ്ചായത്ത് പ്രസിഡന്റ് മാരായ കെ.എ.കുട്ടപ്പൻ, സുലേഖ.വി.നായർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement