പാൽ സംഭരണ പ്രതിസന്ധിക്ക് ഉടൻ പരിഹാരം :മന്ത്രി

Saturday 22 May 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയും സാഹചര്യത്തിൽ പാൽ സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി അടിയന്തര യോഗം വിളിച്ചു.
സംസ്ഥാനത്തെ മൂന്നു മേഖലകളിൽ പ്രവർത്തിക്കുന്ന ക്ഷീര സഹകരണ യൂണിയനുകളുടെ നേതൃത്വത്തിൽ പാൽ സംഭരണം ഊർജ്ജിതമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. അധികമായി സംഭരിക്കുന്ന പാൽ അങ്കണവാടികൾ, ഡൊമിസിലിയറി കെയർ സെന്റർ, കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, അതിഥി തൊഴിലാളി ക്യാമ്പുകൾ, ആദിവാസി കോളനികൾ തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്യും. കൂടുതൽ പാൽ ഫാക്ടറികളിലെത്തിച്ച് പാൽപ്പൊടിയാക്കാനും പദ്ധതിയുണ്ട്. നിലവിൽ 80 ശതമാനം സംഭരണം വരെ സാദ്ധ്യമാകുന്നുണ്ട്. ഒരാഴ്ച മുൻപ് വരെ 60 ശതമാനം മാത്രമായിരുന്നു സംഭരണം. തിങ്കളാഴ്ചയോടെ 100 ശതമാനം എത്തുമെന്നും ,അതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു.
പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പാലിന്റെ ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടായി. മലബാർ മേഖലയിൽ മാത്രം പ്രതിദിനം നാല് ലക്ഷത്തിലധികം ലിറ്റർ പാൽ അധികമായി സംഭരിക്കേണ്ടിവന്നു. മിച്ചം വരുന്ന പാൽ തമിഴ്‌നാട്, കർണ്ണാടക ഫാക്ടറികളിലെത്തിച്ച് പൊടിയാക്കുകയാണ് പതിവ്. എന്നാൽ, കൊവിഡ് പ്രതിസന്ധി മൂലം മറ്റു സംസ്ഥാനങ്ങളിലും പാൽ അധികമായി ശേഖരിക്കേണ്ട അവസ്ഥയായി. ഇതാണ് സംസ്ഥാനത്തെ പാൽ സംഭരണം പ്രതിസന്ധിയിലെത്തിച്ചതെന്ന് യോഗം വിലയിരുത്തി.മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കുബിസ്വാൾ, മിൽമ മാനേജിംഗ് ഡയറക്ടർ സൂരജ് പാട്ടീൽ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement