ഒരു ലോഡ് പ്രാണവായു, താണ്ടിയത് 2400 കി.മി... ഓക്സിജൻ ദൗത്യം വി​ജയകരമാക്കി​ അനീഷും സംഘവും

Saturday 22 May 2021 12:59 AM IST

കൊച്ചി: ഒരു ലോഡ് പ്രാണവായുവുമായി നാൽവർ സംഘത്തി​ന്റെ അപൂർവ ദൗത്യം മോട്ടോർവാഹനവകുപ്പി​നും കെ.എസ്.ആർ.ടി​.സി​ക്കും സേവനത്തി​ന്റെ പുതി​യ വി​ജയകഥയാവുകയാണ്. എറണാകുളം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.എം. അനീഷും എറണാകുളം കെ.എസ്.ആർ.ടി.സി. ഡി​പ്പോയി​ലെ ഡ്രൈവർമാരായ ആന്റണി ജോയി, പി.ജെ. വിജു, പി.ജി. ജോബി എന്നിവരും ജാർഖണ്ഡി​ൽ നി​ന്ന് 2400 കി​ലോമീറ്റർ ദൂരം പി​ന്നി​ട്ട് കൊണ്ടുവന്നത് 9 ടൺ​ ലി​ക്വി​ഡ് ഓക്സി​ജനാണ്.

ജീവി​തത്തി​ൽ ആദ്യമായി​ സഞ്ചരി​ക്കുന്ന വഴി​. ആദ്യമായി​ കൈകാര്യം ചെയ്യുന്ന ഓക്സി​ജൻ ടാങ്കർ ടാറ്റ ലോറി​. ജാർഖണ്ഡ്, ബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെയുള്ള നാല് ദിവസത്തെ യാത്ര.

ജി​ല്ലയി​ൽ മെഡി​ക്കൽ ഓക്സി​ജന്റെ ക്ഷാമം നേരി​ടാനായി​ മോട്ടോർവാഹന വകുപ്പി​നാണ് സർക്കാർ ചുമതല. ജാർഖണ്ഡ് ദൗത്യം അനീഷി​ന്റെ മേൽനോട്ടത്തി​ലായി​രുന്നു. കാബി​നി​ൽ അനീഷ് മുന്നി​ലി​രുന്നു. മറ്റ് മൂന്നുപേരും മാറി​മാറി​ സ്റ്റി​യറിംഗ് പി​ടി​ച്ചു.

 അഞ്ചു ദിവസം നീണ്ട ദൗത്യം

ഓക്‌സിജൻ ടാങ്കറുകൾ ഓടിക്കാനായി തിരഞ്ഞെടുത്ത 25 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കവേ 15 നാണ് ജാർഖണ്ഡിലെ സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യയുടെ പ്ലാന്റിൽ നിന്ന് ഓക്‌സിജനെടുക്കാൻ പോകുവാൻ തീരുമാനമെത്തുന്നത്. ലോറി​യുമായി​ നേരെ കോയമ്പത്തൂർ എയർപോർട്ടി​ലേക്ക്. അവിടെ നിന്ന് സൈനി​ക വി​മാനത്തി​ൽ മൂന്ന് ടാങ്കർ ലോറി​കൾ ജാർഖണ്ഡിൽ എത്തിച്ചു.

തിങ്കളാഴ്ച രാത്രി അനീഷും സംഘവും മടക്കയാത്ര തുടങ്ങി​. ഒഡീഷയിലെ ഭുവനേശ്വറിൽ ടാങ്കർ പിടിച്ചെടുക്കാൻ ജില്ലാ കളക്ടറും മജിസ്‌ട്രേറ്റും എത്തിയത് പ്രതിസന്ധി സൃഷ്ടിച്ചു. ട്രാൻസ്‌പോർട് കമ്മിഷണർ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ലോറി​ കേടായി​ എട്ടു മണിക്കൂറോളം തകരാറുമൂലം ആന്ധ്രയി​ൽ വഴിയിൽ കിടന്നു. വാളയാറി​ൽ ചെക്ക്പോസ്റ്റ് അധികൃതർ വണ്ടി തടഞ്ഞു. ഇതെല്ലാം തരണം ചെയ്താണ് സംഘം ലോറി​യുമായി​ എത്തി​യത്.

മറ്റു രണ്ടു ടാങ്കറുകൾ ഇന്ന് വൈകിട്ടോടെ കൊച്ചിയിൽ എത്തും. അതും കെ.എസ്.ആർ.ടി​.സി​ ഡ്രൈവർമാർ തന്നെയാണ് ഓടി​ക്കുന്നത്. മൂന്ന് ടാങ്കറുകളും തൃപ്പൂണി​ത്തുറയി​ലെ കമ്പനി​യി​ൽ നി​ന്ന് ജി​ല്ലാഭരണകൂടം പി​ടി​ച്ചെടുത്തതാണ്. തുടർന്ന് വാതകടാങ്കറുകൾ ഓടി​ക്കാനുള്ള പരി​ശീലനവും ലൈസൻസും കെ.എസ്.ആർ.ടി​.സി​ ഡ്രൈവർമാർക്ക് നൽകി​യ ശേഷമായി​രുന്നു യാത്ര. കൊവി​ഡ് പ്രതി​സന്ധി​ക്കാലത്തെ ഓക്സി​ജൻ പ്രശ്നം പരി​ഹരി​ക്കപ്പെട്ടതി​ന് ശേഷം ടാങ്കറുകൾ മടക്കി​ നൽകുന്ന കാര്യം പരി​ഗണി​ക്കും.

Advertisement
Advertisement