കേന്ദ്രത്തിന് വൻ ആശ്വാസം; റിസർവ് ബാങ്കിൽ നിന്ന് സർപ്ളസ് ₹99,122 കോടി

Saturday 22 May 2021 12:00 AM IST

മുംബയ്: കൊവിഡും ലോക്ക്ഡൗണും മൂലം നികുതിവരുമാനമിടിഞ്ഞ് പ്രതിസന്ധിയിലായ കേന്ദ്രസർക്കാരിന് ആശ്വാസം പകർന്ന് റിസർവ് ബാങ്കിന്റെ സർപ്ളസ്. 2020 ജൂലായ്-2021 മാർ‌ച്ച് കാലയളവിലെ സർപ്ളസായി കേന്ദ്രത്തിന് 99,122 കോടി രൂപ നൽകാൻ റിസർവ് ബാങ്കിന്റെ ഇന്നലെ ചേർന്ന സെൻട്രൽ ഡയറക്‌ടർ ബോർഡ് യോഗം തീരുമാനിച്ചു. വാക്‌സിൻ ലഭ്യമാക്കാനും ക്ഷേമ, വികസന പ്രവർത്തനങ്ങൾക്കും പണം കണ്ടെത്താൻ വലയുന്ന കേന്ദ്രത്തിന് വലിയ ആശ്വാസമാണിത്.

ജൂലായിൽ ആരംഭിച്ച് ജൂണിൽ അവസാനിക്കുന്നതായിരുന്നു നേരത്തെ റിസർവ് ബാങ്കിന്റെ പ്രവർത്തനവർഷം. ഈ വർഷം ഏപ്രിൽ മുതൽ സർക്കാരിന്റേതിന് സമാനമായി ഏപ്രിൽ-മാർ‌ച്ച് സാമ്പത്തിക വർഷം പിന്തുടരാനാണ് തീരുമാനം. ഇതിനുള്ള 'ചുവടുമാറ്റ സമയം" എന്നോണമാണ് കഴിഞ്ഞ ജൂലായ് - മാർച്ച് കാലയളവിലെ പ്രവർത്തനം വിലയിരുത്തി സർപ്ളസ് നൽകാൻ ബോർഡ് തീരുമാനിച്ചത്.

ആശ്വാസ സർപ്ളസ്

നികുതിവരുമാനത്തകർച്ച, പാളിയ പൊതുമേഖലാ ഓഹരിവില്പന എന്നിവമൂലം പ്രതിസന്ധിയിലായ കേന്ദ്രസർക്കാരിന് തത്കാലത്തേക്ക് റിസർവ് ബാങ്കിന്റെ സർപ്ളസ് ആശ്വാസമേകും. 2019-20ൽ സർപ്ളസായി 57,128 കോടി രൂപ കിട്ടിയിരുന്നു. നടപ്പുവർഷം കേന്ദ്രം ലക്ഷ്യമിടുന്നത് 50,000 കോടി രൂപയാണ്.

₹1.76 ലക്ഷം കോടി

2018-19ൽ കേന്ദ്രത്തിന് റിസർവ് ബാങ്ക് 1.76 ലക്ഷം കോടി രൂപ സർപ്ളസ് നൽകിയിരുന്നു. പതിവിന് വിരുദ്ധമായി റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്നുള്ളവിഹിതം കൂടി കേന്ദ്രം ചോദിച്ചതാണ് തുക കൂടാൻ കാരണം. ഇത്, ഏറെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും വഴിവയ്ക്കുകയും മുൻ ഗവർണർ ഉർ‌ജിത് പട്ടേൽ അടക്കം പ്രമുഖർ റിസർവ് ബാങ്കിൽ നിന്ന് രാജിവയ്ക്കുകയും ചെയ്‌തിരുന്നു.

5.50%

റിസർവ് ബാങ്കിന്റെ മൊത്തം കരുതൽ ധനത്തിൽ നിശ്‌ചിത ശതമാനം കണ്ടിൻജൻസി ഫണ്ടാണ്. ഭാവിയിലെ അപ്രതീക്ഷിത ചെലവുകൾക്കായുള്ള കരുതലാണിത്. ഇത് 5.50 ശതമാനമായി നിലനിറുത്താൻ ഇന്നലെ റിസർവ് ബാങ്ക് തീരുമാനിച്ചു.

എന്താണ് സർപ്ളസ്?

കടപ്പത്രങ്ങൾ, ബാങ്കുകൾക്ക് നൽകുന്ന അടിയന്തര വായ്‌പകൾ എന്നിവയിൽ നിന്നുള്ള പലിശയാണ് റിസർവ് ബാങ്കിന്റെ മുഖ്യ വരുമാന മാർഗം. വരുമാനത്തിൽ നിന്ന് റിസർവ് ബാങ്കിന്റെ ചെലവിനാവശ്യമായത് കഴിച്ചുള്ള ബാക്കിപ്പണം കേന്ദ്രത്തിന് നൽകണം. ഇതാണ് സർപ്ളസ് (അധിക വരുമാനം).

Advertisement
Advertisement