വയനാട്ടിൽ മരം മുറിച്ചപ്പോഴും സുന്ദർലാൽ ബഹുഗുണ വന്നു

Saturday 22 May 2021 12:42 AM IST

കൽപ്പറ്റ:ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണ വയനാട്ടിൽ അടിക്കാടുകൾ പോലും വെട്ടിത്തെളിച്ച് വൻതോതിൽ മരം മുറിച്ചതിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വന്നിട്ടുണ്ട്. 1985-90കളിൽ ആയിരുന്നു അത്.

മരം മുറിക്കുന്നതിൽ വൻകിട എസ്റ്റേറ്റുകളും പിന്നിലായിരുന്നില്ല. ഗ്വാളിയോർ റയോൺസിന് വേണ്ടി വൻതോതിൽ മുളകളും മുറിച്ചു. ഇതിനെതിരെ വയനാട് പ്രകൃതി സംരക്ഷണസമിതി പ്രക്ഷോഭം നടത്തിയപ്പോഴായിരുന്നു ബഹുഗുണയുടെ വരവ്. കാടും മലയും അദ്ദേഹം കയറിയിറങ്ങി. ആദിവാസി കോളനികളിൽ സഞ്ചരിച്ചു. ശക്തമായ ബോധവത്കരണം ഉണ്ടായി. മരംമുറിക്കലിന് അങ്ങനെയാണ് തെല്ലെങ്കിലും ശമനം ഉണ്ടായത്.

സ്വാഭാവിക വനങ്ങൾ വെട്ടിത്തെളിച്ച് അക്കേഷ്യ പോലുളള മരങ്ങൾ വച്ചുപി‌ടിപ്പിക്കുന്നതിനെതിരെ അദ്ദേഹം ശബ്ദിച്ചു. കൂറ്റൻ മരങ്ങൾ കെട്ടിപ്പിടിച്ച് കൊണ്ടുളള സമരമുറ. വനംവകുപ്പ് നട്ട മുഴുവൻ അക്കേഷ്യ ചെടികളും ബഹുഗുണ പകർന്ന സമരാവേശത്തിൽ പ്രകൃതി സംരക്ഷണസമിതി പ്രവർത്തകർ പറിച്ചുകളഞ്ഞു. പലതവണ വയനാട്ടിൽ വന്ന അദ്ദേഹം കാട്ടുതീക്കെതിരെയുളള പ്രചാരണത്തിലും കബനി രക്ഷായജ്ഞത്തിലും പങ്കെടുത്തിരുന്നു.

സൈലന്റ് വാലി ജൂബിലി ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം വയനാട്ടിൽ അവസാനം എത്തിയത്. ഭാര്യയും ഉണ്ടായിരുന്നു. പക്ഷി നിരീക്ഷകനും എഴുത്തുകാരനുമായ പി.കെ. ഉത്തമൻ തുടങ്ങിയവർക്കൊപ്പം വയനാട്ടിലെങ്ങും സഞ്ചരിച്ച അദ്ദേഹത്തെ കാണാൻ സ്‌കൂൾ വിദ്യാർത്ഥികൾ കൂട്ടത്തോടെ വന്നിരുന്നു.

ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് താനല്ലെന്നും അതിന്റെ ഒരു ചെറിയ പ്രചാരകൻ മാത്രമാണെന്നും അദ്ദേഹം പറയുമായിരുന്നു. ഹിമാലയത്തിലെ സ്ത്രീകൾ സ്വയം രൂപപ്പെടുത്തിയ ഒരു സമരമുറയാണ് ചിപ്കോ പ്രസ്ഥാനം എന്നാണ് അദ്ദേഹം പറഞ്ഞത്.

വയനാട്ടിൽ അവസാനം എത്തിയപ്പോൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന് പത്ര പ്രവർത്തകൻ എന്ന നിലയിൽ ഇൗ ലേഖകന് അവാർഡും അദ്ദേഹം നൽകി.

Advertisement
Advertisement