കൊവിഡാനന്തര കാലത്തേക്ക് അണിഞ്ഞൊരുങ്ങി മലമ്പുഴ

Sunday 23 May 2021 12:32 AM IST

പാലക്കാട്: കൊവിഡ് രണ്ടാംതരംഗത്തെ തുടർന്ന് അടച്ചിട്ട മലമ്പുഴ ഉദ്യാനത്തിൽ മിനുക്കുപ്രവർത്തികൾ ആരംഭിച്ചു. കൊവിഡാനന്തരം സന്ദർശകർ എത്തുമെന്ന പ്രതീക്ഷയിലാണ് നവീകരണം നടക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് മലമ്പുഴ ഉദ്യാനം അടച്ചിട്ടത്. ഇതോടെയാണ് ഉദ്യാനത്തിൽ മിനുക്കുപണി ആരംഭിച്ചത്.

കേടുവന്ന പൂച്ചെടികൾ പറിച്ചുമാറ്റി പുതിയവ നടുന്നതിന് പുറമെ അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്. ഉദ്യാനത്തിനകത്തെ ചെറുജലാശയങ്ങൾ നവീകരിക്കാനും വൈദ്യുതി അലങ്കാരങ്ങൾ മികവുറ്റതാക്കുന്നതിനും പദ്ധതിയുണ്ട്. ഓണക്കാലത്തിന് മുമ്പ് നിലവിലെ കൊവിഡ് പ്രതിസന്ധി തീരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കഴിഞ്ഞ വർഷം സമ്പൂർണ അടച്ചിടലിൽ ഇളവ് പ്രഖ്യാപിച്ചപ്പോൾ മലമ്പുഴ ഉദ്യാനം തുറന്നിരുന്നു. സഞ്ചാരികളുടെ വരവിനൊപ്പം വരുമാനവും വർദ്ധിക്കാൻ തുടങ്ങുന്നതിനിടെയാണ് കൊവിഡിന്റെ രണ്ടാംവരവിൽ വീണ്ടും അടച്ചുപൂട്ടിയത്.

വിനോദസഞ്ചാര മേഖലയെ മാത്രം ആശ്രയിച്ച് ആയിരക്കണക്കിന് കുടുംബങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്നത്. ഇവരെല്ലാം പ്രതിസന്ധിയിലാണ്. ഇനി കൊവിഡ് വ്യാപന തോത് കുറയുന്നതോടെ ഉദ്യാനം തുറക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതരും മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരും.

Advertisement
Advertisement