ജാഗ്രതാ നിർദേശം

Sunday 23 May 2021 12:54 AM IST

പത്തനംതിട്ട : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദത്തിന്റെ ഫലമായി ജില്ലയിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മൂഴിയാർ ഡാമിന്റെയും കാരിക്കയം വൈദ്യുതി നിലയത്തിന്റെയും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാദ്ധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കാണമെന്നും ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 51 പേർ

പത്തനംതിട്ട : മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മൂന്നു താലൂക്കുകളിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 51 പേർ കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലാണ് അഞ്ച് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 21 പുരുഷന്മാരും 15 സ്ത്രീകളും 15 കുട്ടികളുമാണു ക്യാമ്പിലുള്ളത്.
തിരുവല്ല താലൂക്കിൽ മൂന്നു ക്യാമ്പുകളിലായി എട്ടു കുടുംബങ്ങളിലെ 39 പേരാണുള്ളത്. കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പിൽ മൂന്നു കുടുംബത്തിലെ എട്ടു പേരാണുള്ളത്. മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പിൽ ഒരു കുടുംബത്തിലെ നാലു പേരുമാണു കഴിയുന്നത്.
തിരുവല്ലയിൽ ക്യാമ്പിൽ കഴിയുന്ന ആറു പേരും കോഴഞ്ചേരി ക്യാമ്പിൽ കഴിയുന്ന രണ്ടു പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. കൊവിഡ് രോഗ ലക്ഷണമുള്ളവരായ നാലു പേരാണ് മല്ലപ്പള്ളിയിലെ ക്യാമ്പിൽ കഴിയുന്നത്.
അടൂർ, കോഴഞ്ചേരി, തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി എന്നീ താലൂക്കുകളിലായി 72 പേരുടെ വീടുകൾ ഭാഗികമായും തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളിൽ രണ്ടു വീടുകൾ പൂർണമായും തകർന്നു. അടൂർ 23, കോഴഞ്ചേരി 4, തിരുവല്ല 4, റാന്നി 11,കോന്നി 17, മല്ലപ്പള്ളി 13 വീടുകളാണ് ഭാഗീകമായി തകർന്നിട്ടുള്ളത്.

Advertisement
Advertisement