ഒഴിയുന്നു, ഗ്രൂപ്പ് ആധിപത്യം

Sunday 23 May 2021 12:17 AM IST

തിരുവനന്തപുരം: ഗ്രൂപ്പുകളുടെ കൈക്കുള്ളിലമർന്ന സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയം മോചനം നേടുന്നതിന്റെ സൂചനയാണ് വി.ഡി.സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള കടന്നുവരവ്. ഒന്നര പതിറ്റാണ്ടായി എ, ഐ ഗ്രൂപ്പുകളെ നയിക്കുന്ന ഉമ്മൻ ചാണ്ടി - രമേശ് ചെന്നിത്തല അച്ചുതണ്ട് ഏതാണ്ട് അവസാനിക്കുകയാണെന്നും പറയാം. വൈകാതെ കെ.പി.സി.സി തലപ്പത്തും യു.ഡി.എഫ് കൺവീനർ പദവിയിലും മാറ്റമുണ്ടായേക്കാം.

ഉമ്മൻ ചാണ്ടിയുടെയും രമേശിന്റെയും അവസാനനിമിഷം വരെയുമുണ്ടായ സമ്മർദ്ദതന്ത്രങ്ങളെ അവഗണിച്ചാണ് ഹൈക്കമാൻഡ് സതീശനിൽ വിശ്വാസമർപ്പിച്ചത്. പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാനുള്ള നിയമസഭാകക്ഷി യോഗത്തിന് മുമ്പ് എം.എൽ.എമാരുമായും എം.പിമാരുമായും ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും വി.വൈത്തിലിംഗവും നടത്തിയ കൂടിക്കാഴ്ചകൾ നിർണായകമായി. 21 എം.എൽ.എമാരിൽ ഗ്രൂപ്പ് ഭേദമെന്യേ സതീശനെ പിന്തുണയ്ക്കാൻ 11 പേരെത്തി. അവശേഷിച്ചവരിൽ രണ്ട് പേർ ഹൈക്കമാൻഡ് നിലപാട് അംഗീകരിക്കുമെന്നും വ്യക്തമാക്കി.

21 എം.എൽ.എമാരിൽ ഗ്രൂപ്പ് മാനേജർമാർ അവകാശപ്പെടുന്ന കണക്കനുസരിച്ച് 12 പേർ ഐ ഗ്രൂപ്പിനും 9 പേർ എ ഗ്രൂപ്പിനുമാണ്.

ഹൈക്കമാൻഡ് പ്രതിനിധികൾ കൂടിക്കാഴ്ചയ്ക്കെത്തുന്നതിന് തൊട്ടുമുമ്പ് എ ഗ്രൂപ്പ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ചേർന്ന് രമേശിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് മുഴുവൻ പേരും രമേശിനെ പിന്തുണയ്ക്കേണ്ടതായിരുന്നു. എന്നാൽ, ഐ ഗ്രൂപ്പ് നേതൃത്വത്തെ വെല്ലുവിളിച്ച് പുറത്തുകടന്ന വി.ഡി.സതീശൻ മത്സരിക്കാനൊരുമ്പെട്ടപ്പോൾ അതിന് ഗ്രൂപ്പ് ഭേദമെന്യേ പലരുടെയും ആശീർവാദമുണ്ടായത് വഴിത്തിരിവായി. ഗ്രൂപ്പ് നേതൃത്വങ്ങൾ അത് തിരിച്ചറിഞ്ഞതുമില്ല.

രമേശിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് എ ഗ്രൂപ്പിലെ പ്രബലരായ തിരുവഞ്ചൂരും പി.ടി.തോമസും ഹൈക്കമാൻഡ് പ്രതിനിധികളോട് തങ്ങളെ പരിഗണിക്കണമെന്നാവശ്യപ്പെട്ടത്. 15 ലോക്‌സഭാ എം.പിമാരിൽ 14 പേരും സതീശനെ പിന്തുണച്ചു.

ഹൈക്കമാൻഡ് പ്രതിനിധികൾ ഡൽഹിക്ക് മടങ്ങി മൂന്ന് ദിവസം കഴിഞ്ഞാണ് പ്രഖ്യാപനമെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലും ഖാർഗെയ്ക്ക് കിട്ടിയ നിർദ്ദേശം രമേശിനെ പ്രതിപക്ഷനേതാവായി നിലനിറുത്താനും ഉമ്മൻ ചാണ്ടിയെ കെ.പി.സി.സി പ്രസിഡന്റാക്കാനുമുള്ള പുതിയ ഫോർമുലയായിരുന്നു.

രാഹുലിന്റെ നിലപാട് തേടിയശേഷം, കേരളത്തിലെ ചില മുതിർന്ന നേതാക്കളുമായടക്കം ആശയവിനിമയം നടത്തിയിട്ടാണ് കോൺഗ്രസ് അദ്ധ്യക്ഷ സതീശനെ നിശ്ചയിച്ചത്.

യു.ഡി.എഫിനെ ഐതിഹാസിക തിരിച്ചുവരവിലേക്ക് നയിക്കും. ലഭിച്ചത് പുഷ്പകിരീടമല്ലെന്നറിയാം. ഘടകകക്ഷികളുടെ പിന്തുണയോടെ ജനവിശ്വാസമാർജിച്ച് അത് നടപ്പാക്കാമെന്ന വിശ്വാസമുണ്ട്. കാലം മാറി​യതനുസരി​ച്ച് മാറ്റങ്ങൾ വേണം. കേരള സമൂഹം ആഗ്രഹി​ക്കുന്ന മാറ്റം സൃഷ്ടി​ക്കുമെന്ന് ഉറപ്പുനൽകുന്നു. സർക്കാരി​നെ വെല്ലുവി​ളി​ക്കുകയോ ഭരി​ക്കാൻ അനുവദി​ക്കാതി​രി​ക്കുകയോ അല്ല പ്രതി​പക്ഷ നയം.

വി.ഡി. സതീശൻ

Advertisement
Advertisement