കൊവിഡ് ചികിത്സ: ഹോമിയോപ്പതി സജ്ജമെന്ന് ഐ.എച്ച്.എം.എ

Sunday 23 May 2021 3:06 AM IST

തൃശൂർ: കൊവിഡ് ചികിത്സയ്ക്ക് ഹോമിയോപ്പതി സുസജ്ജമാണെന്നും വൈറൽ രോഗങ്ങൾക്ക് ഏറെ ഗുണകരമായ ഈ ചികിത്സാരീതിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. കൊവിഡിന്റെ പ്രാരംഭദശയിലുള്ളവരും ചെറിയ ലക്ഷണങ്ങളുള്ളവരും ഹോമിയോ ചികിത്സതേടിയാൽ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയാം. ആശുപത്രി പ്രവേശനം, ഐ.സി.യു/വെന്റിലേറ്റർ സാഹചര്യവും ഒഴിവാക്കാം.

രോഗമില്ലാത്തവർ സ്ഥിരമായി ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചാൽ രോഗവ്യാപനം കുറയ്ക്കാം. ഒരിക്കൽ കൊവിഡ് വന്നവർക്ക് വീണ്ടും വരാതിരിക്കാനും ഇതുപയോഗിക്കാം. കൊവിഡിന്റെ രണ്ടാംഘട്ടം രൂക്ഷമായ സാഹചര്യത്തിൽ മൈൽഡ് ആൻഡ് മോഡറേറ്റ് കൊവിഡ് കേസുകൾക്ക് എല്ലാ സി.എഫ്.എൽ.ടി.സികളിലും ആശുപത്രികളിലും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്ര ആയുഷ് മന്ത്രാലയം നിർദേശിച്ച ഹോമിയോ മരുന്നുകൾ നൽകണം.

ആഡ്-ഓൺ ട്രീറ്റ്‌മെന്റായി ഹോമിയോപ്പതി ചികിത്സ ഇത്തരം രോഗാവസ്ഥയിൽ വിജയകരമായി നൽകുന്നുണ്ട്. എല്ലാതലത്തിലും ഹോമിയോപ്പതി ചികിത്സ ഉറപ്പാക്കാൻ തമിഴ്‌നാട് സർക്കാർ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. എന്നാൽ, കേരളത്തിലെ രണ്ട് ഹോമിയോപ്പതി മെഡിക്കൽ കോളേജുകൾ ഇപ്പോൾ അലോപ്പതി സി.എഫ്.എൽ.ടി.സികളായാണ് പ്രവർത്തിക്കുന്നത്. സർക്കാരിന്റെ ഡിസ്‌പെൻസറികളിലെ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർമാർ അലോപ്പതി സി.എഫ്.എൽ.ടി.സികളിലും ജോലി ചെയ്യുന്നു. ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങളും ഡോക്‌ടർമാരുടെ സേവനവും ഹോമിയോ ചികിത്സയ്ക്കായി തന്നെ പ്രയോജനപ്പെടുത്തണം. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ഗണേഷ് ദാസ്, ജനറൽ സെക്രട്ടറി ഡോ. അൻവർ റഹ്‌മാൻ എന്നിവർ സംസാരിച്ചു.

സർക്കാർ 'മടി" ഉപേക്ഷിക്കണം

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഹോമിയോപ്പതിരംഗം ഏറെ മികവുറ്റതായിട്ടും ഈ ചികിത്സാരീതി കൊവിഡിനെതിരെ പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാർ കാട്ടുന്ന മടി ഉപേക്ഷിക്കണമെന്ന് ഐ.എച്ച്.എം.എ ആവശ്യപ്പെട്ടു. സർക്കാർ ഡിസ്‌പെൻസറികൾക്ക് കീഴിലായി തന്നെ ഹോമിയോപ്പതി ചികിത്സ ലഭ്യമാക്കാൻ സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കണം.

കൊവിഡിന്റെ ഒന്നാംഘട്ടത്തിൽ ഹോമിയോപ്പതിക് ഇമ്യൂൺ ബൂസ്‌റ്റർ മരുന്നുകൾ ഉപയോഗിച്ചവരിൽ രോഗം മൂർച്ഛിച്ചത് വളരെക്കുറവാണെന്ന് സി.സി.ആർ.എച്ച് പഠനം വ്യക്തമാക്കിയിരുന്നു. ശ്വസനപ്രക്രിയയെ ഉത്തേജിപ്പിച്ച് ശരീരത്തിലെ ഓക്‌സിജൻ അളവ് ക്രമപ്പെടുത്താനും ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയെ ചെറുക്കാനും മരുന്നുകൾ ഹോമിയോപ്പതിയിലുണ്ടെന്നും ഐ.എച്ച്.എം.എ വ്യക്തമാക്കി.

Advertisement
Advertisement