ഓക്കെ ആകുമോ ഓൺലെെൻ പഠനം

Monday 24 May 2021 12:02 AM IST

കുട്ടികളിൽ പ്രതീക്ഷയേക്കാൾ ആശങ്ക

കോഴിക്കോട്: പഠനം വീണ്ടും ഓൺലൈനിലാവുമ്പോൾ പ്രതീക്ഷയേക്കാൾ ആശങ്കയാണ് വിദ്യാ‌ർത്ഥികൾക്ക്. കഴിഞ്ഞ വർഷത്തെ പോരായ്മകളും പ്രതിസന്ധികളും തരണം ചെയ്തായിരിക്കുമോ ഇത്തവണത്തെ ക്ലാസുകൾ എന്നാണ് പലരുടെയും സംശയം. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുക പ്രായോഗികമല്ലാതെ വന്നപ്പോഴാണ് ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറിയത്. എന്നാൽ പഠനത്തിൽ നിരവധി പ്രശ്നങ്ങളാണ് കുട്ടികൾ നേരിട്ടത്. ഓൺലൈൻ ക്ലാസ് കാണാൻ സൗകര്യമുള്ളവർക്ക് പോലും പലതരം കാരണങ്ങളാൽ ക്ലാസുകൾ മുടങ്ങി. ജൂൺ ഒന്നിന് ആരംഭിച്ച ക്ലാസുകൾ മുടക്കം കൂടാതെ കണ്ടവരാകട്ടെ 67ശതമാനത്തിൽ ഒതുങ്ങി.

ഒന്നു മുതൽ പന്ത്രണ്ടാം ക്ളാസ് വരെ വിക്ടേഴ്സ് ചാനലിൽ ഒരുക്കിയ ക്ലാസുകൾ പലതും പൂർണ ഫലം കണ്ടില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ജൂൺ ഒന്ന് മുതലുളള ആദ്യത്തെ ആഴ്ച ഒരേ പാഠഭാഗം ആവർത്തിക്കുകയായിരുന്നു. തുടർന്നുളള ക്ലാസുകൾ പലപ്പോഴും സമയം തെറ്റിയതോടെ കുട്ടികൾ വിക്ടേഴ്സിനെ വെറുത്തു. അതേസമയം ഗൂഗിൾ മീറ്റിലൂടെയും ക്ലാസ് റൂമിലൂടെയും വാട്സ്‌ആപ്പ് വഴിയും സി.ബി.എസ്.സി കുട്ടികൾക്ക് പാഠഭാഗങ്ങൾ ലഭിച്ചു തുടങ്ങിയിരുന്നു. വിക്ടേഴ്സിനെ ആശ്രയിക്കുന്ന കുട്ടികൾക്ക് കൃത്യമായ ക്ലാസും പഠനപ്രവർത്തനങ്ങളും ലഭിക്കാതെ വന്നതോടെ പഠന താത്പര്യം കുറയുന്ന അവസ്ഥയായിരുന്നു.

ഹയർസെക്കൻഡറിയുടെ ഓൺലൈൻ പഠനം ഒരുമാസം പിന്നിട്ടിട്ടും 21 വിഷയങ്ങൾ സംപ്രേഷണം ചെയ്യാൻ സാധിച്ചിരുന്നില്ല. വിദ്യാർത്ഥികൾ കുറഞ്ഞ വിഷയങ്ങളിൽ വിക്ടേഴ്സിലെ സംപ്രേഷണ സമയം എങ്ങനെ ക്രമീകരിക്കുമെന്ന പ്രശ്നവും നിലനിൽക്കുന്നുണ്ട്. മറ്റൊരു ചാനൽ കൂടിയുണ്ടെങ്കിൽ ഇത്തരം വിഷയങ്ങൾക്ക് പ്രത്യേക ക്ലാസ് സംപ്രേഷണം ചെയ്യാൻ കഴിയുമെന്ന് വിദ്യാർത്ഥികൾ പറയുന്നു.

മനസിൽ തിരയിളക്കം

കുട്ടികളെ പഠന സന്നദ്ധരാക്കുന്നതിന് മുമ്പേ വിക്ടേഴ്‌സ് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുന്ന രീതിയിലേക്ക് കടന്നതോടെ കുട്ടികൾ കടുത്ത മാനസിക സംഘർഷത്തിലായി. മൊബെെൽ ഫോണും മറ്റും ഇടയ്ക്കിടെ കേടായതും ഇന്റർനെറ്റിൻെറ ലഭ്യതക്കുറവും പ്രതിസന്ധി കൂട്ടി. വിദ്യാർത്ഥികളുടെ പഠന നിലവാരം കൃത്യമായി വിലയിരുത്താൻ കഴിയാതെ അദ്ധ്യാപകരും കുടുങ്ങി. പലരുടെയും പഠന നിലവാരം പലതായിരിക്കുമെന്നതിനാൽ ചെറിയ ക്ലാസുകളിൽ തന്നെ ശ്രദ്ധ വേണ്ടവരെ കണ്ടെത്താൻ കഴിയാതെ പോകുന്നത് പ്രശ്നമാണെന്ന് അദ്ധ്യാപകർ പറയുന്നു.

.

ഓൺലൈൻ പ്രവേശനം തുടങ്ങി

ലോക്ക്ഡൗൺ സാഹചര്യത്തിൽ ഓൺലൈനായി അപേക്ഷ നൽകി പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രവേശിക്കാം. ഓൺലൈൻ സൗകര്യമില്ലാത്തവർക്ക് സ്‌കൂളുകളുമായി ഫോണിൽ ബന്ധപ്പെട്ട് പ്രവേശനം നേടാം. ലോക്ക്ഡൗൺ പിൻവലിച്ച ശേഷം രക്ഷിതാക്കൾക്ക് നേരിട്ട് പ്രവേശന അപേക്ഷ നൽകുകയും ചെയ്യാം. ടി.സി അപേക്ഷയും ഓൺലൈനായി നൽകാം. അഡ്മിഷൻ സമയത്ത് ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിലും താത്ക്കാലിക പ്രവേശനം അനുവദിക്കും.

അപേക്ഷിക്കാൻ 'സമ്പൂർണ' പോർട്ടൽ

സമ്പൂർണ പോർട്ടലിലൂടെയാണ് ഓൺലൈൻ അപേക്ഷ നൽകേണ്ടത്. sampoorna.kite.kerala.gov.in എന്ന സൈറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തമ്പോൾ ആധാർ നമ്പർ ഉള്ളവർക്ക് രേഖപ്പെടുത്താം.

''ക്ലാസുകൾ എങ്ങനെ നടത്തണം, എന്തൊക്കെ മാറ്റങ്ങൾ വരുത്തണം തുടങ്ങിയ കാര്യങ്ങളിൽ ചർച്ചകൾ നടന്നു വരികയാണ്. ചൊവ്വാഴ്ചയ്ക്കുശേഷമെ ഔദ്യോഗികമായി അറിയിക്കുകയുള്ളൂ- അൻവർ സാദത്ത് , കെെറ്റ് സി.ഇ.ഒ

Advertisement
Advertisement