കന്നുകാലികൾക്ക് സംരക്ഷണമൊരുക്കി അജയകുമാർ

Monday 24 May 2021 12:13 AM IST
കൊവിഡ് ബാധിതരുടെ വീടുകളിലെ പശുക്കളെ ഏറ്റെടുത്ത് പരിപാലിക്കുന്ന അജയകുമാർ വല്യുഴത്തിൽ

പുല്ലാട്: വീട്ടുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിപാലിക്കാനാളില്ലാതെ കഴിഞ്ഞുവന്ന പശുക്കൾക്കും കിടാവുകൾക്കും സൗജന്യമായി സംരക്ഷണമൊരുക്കി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം അജയകുമാർ വല്യയുഴത്തിൽ.

പുല്ലാട് വള്ളിക്കാലായിൽ അജയകുമാറിന്റെ വീടിന് സമീപത്തെയും എഴുമറ്റൂരിലെ അമൃതധാരാ ഗോശാലയിലുമായാണ് 13 പശുക്കളെയും 10 കിടാവുകളേയും സംരക്ഷിക്കുന്നത്. കോയിപ്രം ,കൊറ്റനാട്, പെരുമ്പെട്ടി , എഴുമറ്റൂർ ഭാഗങ്ങളിലെ വീടുകളിൽ നിന്നുള്ള പശുക്കളെയാണ് സംരക്ഷിച്ചുവരുന്നത്.

പശുക്കളും കിടാവുകളും ഭക്ഷണം കിട്ടാതെ കഴിയുന്നതറിഞ്ഞ സേവാഭാരതി പ്രവർത്തകരായ അരുൺ എഴുമറ്റൂർ, സുരേഷ് പെരുമ്പെട്ടി എന്നിവർ വിവരമറിയിച്ചതനുസരിച്ച് പശുക്കളെ ഏറ്റെടുക്കാൻ അജയകുമാർ സന്നദ്ധനാകുകയായിരുന്നു. 10 ദിവസം മുമ്പാണ് പശുക്കളെ ഫാമുകളിൽ എത്തിച്ചത്. ഇതില്‍ എട്ട് പശുക്കളിൽ നിന്ന് പാൽ ശേഖരിക്കുന്നുണ്ട്.

പുല്ലാട്, എഴുമറ്റൂർ ഗോശാലകളിലായി വിവിധയിനത്തിൽപ്പെട്ട 470 പശുക്കളെ അജയകുമാർ വളർത്തുന്നുണ്ട്.

Advertisement
Advertisement